ലണ്ടനിലെ ആഡംബര വീടുകൾക്കും വിലയിടിവ്; പത്തിൽ എട്ടും വിൽക്കുന്നത് ആവശ്യപ്പെട്ടതിലും കുറഞ്ഞ തുകയ്ക്ക്
പ്രൈം സെൻട്രൽ ലണ്ടനിൽ പത്തിൽ എട്ട് വീടുകളും ആവശ്യപ്പെട്ടതിലും കുറഞ്ഞ തുകയ്ക്ക് വിൽക്കുന്നതായി കൗട്ട്സ് പഠനം; മൂന്നാം പാദത്തിൽ വില അഞ്ചുശതമാനം കുറഞ്ഞു.
ലണ്ടൻ : ലണ്ടനിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിൽ വിൽക്കുന്ന പത്തിൽ എട്ട് വീടുകളും പരസ്യത്തിൽ ആവശ്യപ്പെട്ടതിലും കുറഞ്ഞ തുകയ്ക്കാണ് കൈമാറുന്നതെന്ന് സ്വകാര്യ ബാങ്കായ കൗട്ട്സിന്റെ പഠനം. മേഫെയർ, ബെൽഗ്രേവിയ, നൈറ്റ്സ്ബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ‘പ്രൈം സെൻട്രൽ ലണ്ടനിൽ’ 2026ലെ മൂന്നാം പാദത്തിൽ വീടുകളുടെ വില അഞ്ചുശതമാനം കുറഞ്ഞു. ആവശ്യപ്പെട്ട വിലയിൽനിന്ന് ശരാശരി പത്തുശതമാനം കുറച്ചാണ് വിൽപ്പന നടക്കുന്നത്. ഇതോടെ ചില ഉടമകളുടെ വീടുകളുടെ മൂല്യത്തിൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ കുറവുണ്ടാകുന്ന സാഹചര്യമാണ്. ഈ മേഖലയിലെ വിലകൾ 2014ലെ ഏറ്റവും ഉയർന്ന നിലവാരത്തേക്കാൾ ഇപ്പോൾ 14 ശതമാനം താഴെയാണ്.
ബ്രെക്സിറ്റ്, കോവിഡ് മഹാമാരി, ഉയർന്ന പ്രോപ്പർട്ടി നികുതികൾ, വായ്പാച്ചെലവിലെ വർധന എന്നിവ ആഡംബര ഭവനവിപണിയെ ബാധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. വിദേശവരുമാനത്തിനുള്ള പ്രത്യേക നികുതിപരിഗണന നൽകിയിരുന്ന ‘നോൺ-ഡോം’ സംവിധാനം അവസാനിപ്പിച്ചതിനുശേഷം വിദേശ വാങ്ങുന്നവരുടെ താൽപര്യം കുറഞ്ഞതായും പ്രോപ്പർട്ടി ഏജന്റുമാർ പറയുന്നു. നൈറ്റ്സ്ബ്രിഡ്ജ്–ബെൽഗ്രേവിയ മേഖലയിൽ വിലകൾ മുൻകാല ഉയർന്ന നിലവാരത്തേക്കാൾ 30.8 ശതമാനവും സൗത്ത് കെൻസിങ്ടണിൽ 26.9 ശതമാനവും താഴെയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി തുടരുമ്പോഴും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം സ്ഥിരപലിശ ഭവനവായ്പകളുടെ നിരക്കുകളെ സ്വാധീനിക്കുന്നുണ്ട്. അടുത്തയാഴ്ച അടിസ്ഥാന പലിശ നാലുശതമാനമാക്കിയേക്കുമെന്ന പ്രതീക്ഷയും വിപണിയിലുണ്ട്; അന്തിമ തീരുമാനമായിട്ടില്ല.
വിൽപ്പനക്കാരും കൂടുതൽ കരുതലോടെയാണ് നീങ്ങുന്നത്. പുതുതായി വിൽപ്പനയ്ക്ക് പരസ്യപ്പെടുത്തിയ വീടുകളുടെ എണ്ണം മുൻപാദത്തെക്കാൾ 14 ശതമാനം കുറഞ്ഞപ്പോൾ വിപണിയിൽ ലഭ്യമായ ആകെ വീടുകൾ മുൻവർഷത്തെക്കാൾ ആറുശതമാനം കുറഞ്ഞു. മൂന്നാം പാദത്തിലെ ഇടപാടുകൾ 9.1 ശതമാനം താഴ്ന്നു. 20 ലക്ഷം മുതൽ 50 ലക്ഷം പൗണ്ട് വരെയുള്ള വീടുകളുടെ വിഭാഗത്തിലാണ് ഏറ്റവും വലിയ ഇടിവ്; ഇടപാടുകൾ 22.3 ശതമാനം കുറഞ്ഞു. എന്നാൽ, അതിസമ്പന്നർ വാങ്ങുന്ന ഏറ്റവും ഉയർന്ന വിലയുള്ള വീടുകളുടെ വിപണിയിൽ ഇടപാടുകൾ തുടരുന്നുണ്ട്. സാവിൽസിന്റെ പ്രത്യേക പഠനപ്രകാരം മൂന്നാം പാദത്തിൽ ഒരുകോടി പൗണ്ടിന് മുകളിലുള്ള 26 വിൽപ്പനകൾ നടന്നു. കഴിഞ്ഞ ഒരുവർഷത്തെ ഇത്തരം ഇടപാടുകളുടെ എണ്ണം 127 ആയെന്നും അവയുടെ ആകെ മൂല്യം 288 കോടി പൗണ്ടാണെന്നും സ്ഥാപനം അറിയിച്ചു.
English Summary: Eight in ten homes sold in prime central London went below asking price as luxury property values and transaction volumes declined.
