യുകെ കെയർ വിസ നടപടി ക്രമങ്ങൾ : വ്യാപക ദുരുപയോഗത്തിന് കാരണമെന്ന് ആൻറി-സ്ലേവറി വാച്ച്ഡോഗ്

Mar 17, 2025 - 13:51
Mar 17, 2025 - 13:58
 0
യുകെ കെയർ വിസ നടപടി ക്രമങ്ങൾ : വ്യാപക ദുരുപയോഗത്തിന് കാരണമെന്ന് ആൻറി-സ്ലേവറി വാച്ച്ഡോഗ്

ലണ്ടൻ: യുകെയിലെ കെയർ വർക്കർ വിസ നടപടിക്രമങ്ങൾ വ്യാപകമായ ദുരുപയോഗത്തിന് വഴിവച്ചതായി വെളിപ്പെടുത്തി ആൻറി-സ്ലേവറി വാച്ച്ഡോഗ് രംഗത്ത്. ബ്രക്സിറ്റിന് ശേഷം സാമൂഹിക പരിചരണ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ 2022ൽ കൊണ്ടുവന്ന വിസ പദ്ധതി “മൂർച്ചയില്ലാത്ത ഉപകരണം” ആയിരുന്നുവെന്ന് ആൻറി-സ്ലേവറി കമ്മീഷണർ എലനോർ ലിയോൺസ് വിമർശിച്ചു. ഇത് ദുർബലരായ തൊഴിലാളികളുടെ ചൂഷണത്തിന് ഇടയാക്കിയെന്നും അവർ കുറ്റപ്പെടുത്തി.

പദ്ധതി അവതരിപ്പിച്ചതിന് ശേഷം ആധുനിക അടിമത്തവും ചൂഷണവും സാമൂഹിക പരിചരണ മേഖലയിൽ “സവിശേഷതയായി” മാറിയതായി കെയർ ക്വാളിറ്റി കമ്മിഷൻ മുന്നറിയിപ്പ് നൽകി. 2023ൽ 918 പേർ ചൂഷണത്തിന് ഇരയായതായി മോഡേൺ സ്ലേവറി ഹെൽപ്പ്‌ലൈൻ കണ്ടെത്തി, 2021ലെ 63ൽ നിന്ന് വൻ വർധനവ്. 470ലധികം കെയർ കമ്പനികളുടെ സ്പോൺസർ ലൈസൻസുകൾ ഹോം ഓഫിസ് റദ്ദാക്കിയിട്ടുണ്ട്.

കർശന നിരീക്ഷണം ആവശ്യമാണെന്ന് ലിയോൺസ് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് സ്പോൺസർ മാറാനുള്ള സൗകര്യം, വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റിന് ലൈസൻസിങ്, നിയമലംഘകർക്ക് കടുത്ത ശിക്ഷ എന്നിവ ഉൾപ്പെടുത്തി പദ്ധതി പുനർനിർമിക്കണമെന്നും അവർ നിർദേശിച്ചു. “പ്രശ്നത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പുതിയ സമീപനം അനിവാര്യമാണ്,” അവർ കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.