കുവൈത്തിൽ സന്ദർശന വിസാ തട്ടിപ്പ് വ്യാപകം: അധികൃതർ കർശന നടപടിയിൽ

കുവൈത്ത് സിറ്റി: സന്ദർശന വിസാ നയം ഉദാരവൽക്കരിച്ചതിനു പിന്നാലെ കുവൈത്തിൽ വിസാ തട്ടിപ്പുകൾ വർധിച്ചതായി റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് വിമാനത്താവളം വഴിയോ അതിർത്തി കവാടങ്ങൾ വഴിയോ ഓൺ അറൈവൽ വിസയിൽ കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന പുതിയ നിയമം ദുരുപയോഗം ചെയ്താണ് തട്ടിപ്പുകൾ നടക്കുന്നത്. വ്യാജ ജിസിസി താമസ രേഖകൾ ഉപയോഗിച്ച് അബ്ദലി ചെക്ക് പോയിന്റ് വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി ഇറാഖികൾ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായതായി വാർത്തകൾ പുറത്തുവന്നു.
ഇലക്ട്രോണിക് രീതിയിൽ വ്യാജ ജിസിസി വിസകൾ സമർപ്പിച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്. വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയിന്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാൻ അധികൃതർ ജാഗ്രത പാലിക്കുകയാണ്. വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശനം നേടാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഓൺ അറൈവൽ വിസ ലഭിച്ചാലും, എല്ലാ യാത്രക്കാരുടെയും രേഖകൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി പെർമിറ്റിന്റെ സാധുതയും വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കാൻ സമഗ്രമായ പരിശോധന നടത്തും. ഇലക്ട്രോണിക് വിസ ലഭിച്ചവർക്ക് പോലും ഉടനടി പ്രവേശനം ഉറപ്പാക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
തട്ടിപ്പുകൾ തടയുന്നതിനായി കുവൈത്ത് അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ എല്ലാ രേഖകളും കൃത്യമായി ഹാജരാക്കേണ്ടതുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary: Kuwait reports a surge in visa fraud following the liberalization of its visit visa policy, with authorities intensifying checks to curb illegal entry attempts.