സ്വപ്നത്തിന് വേണ്ടി പോരാടിയപ്പോഴും തോറ്റു പോയവന്റെ ജീവിത കഥ – Coventryയിൽ കണ്ടൊരു മലയാളി | By Tinto George
Coventryയിൽ ഫാഷൻ ഷോ ഓഡിഷൻ യാത്രയിൽ കണ്ട, സ്വപ്നത്തിനായി പോരാടിയെങ്കിലും ജീവിതത്തിൽ തോറ്റു പോയ ഒരു മലയാളിയുടെ ആത്മവിശ്വാസവും അനുഭവങ്ങളും പറയുന്ന കഥ.

ഉയിര് കൊടുത്ത് സ്വപ്നത്തിന് വേണ്ടി പോരാടിയിട്ടും തോറ്റുപോയവനെ കണ്ടിട്ടുണ്ടോ?
ഇന്നലെ നവംബറിൽ നടത്താൻ ഉദ്ദേശിക്കുന്ന ഫാഷൻ ഷോയുടെ ഓഡിഷന് വേണ്ടി കോവന്ററി പോയി മടങ്ങുമ്പോഴാണ് സർവീസിൽ വച്ച് അസാധാരണമായ പഴക്കമുള്ള ഒരു ടൊയോട്ട യാരിസ് കാണുന്നത്. വണ്ടികളോട് പ്രത്യേക താല്പര്യമുള്ള ഞാൻ ആ വണ്ടിയുടെ അടുത്തേക്ക് ചെന്നു. അടുത്തുനിന്ന് ആ വണ്ടി ഒന്ന് കാണുക എന്ന് മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. പക്ഷേ, ദീർഘമായ ഒരു നെടുവീർപ്പ് എടുത്ത് ഡ്രൈവിംഗ് സീറ്റിൽ ചാരിയമർന്നിരിക്കുന്ന ആളിനെ കണ്ടപ്പോൾ ഒരു മലയാളിയെപ്പോലെ തോന്നി. സത്യത്തിൽ, ആ വണ്ടിയോട് തോന്നിയ കൗതുകം കാരണമാണ് ആ മനുഷ്യനോട് സംസാരിക്കണമെന്ന് തോന്നിയത്.
“മലയാളി ആണോ?” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നതിന് പകരം പൊട്ടിക്കരയുകയായിരുന്നു. എനിക്കെന്തോ ആ മനുഷ്യനോട് കുറച്ച് സമയം സംസാരിക്കണമെന്ന് തോന്നി. കരച്ചിൽ കഴിഞ്ഞ് പേര് പറഞ്ഞ അദ്ദേഹത്തോട് ഞാൻ ചോദിച്ചു, “നമുക്കൊരു കാപ്പി കുടിച്ചാലോ?” സത്യത്തിൽ, കേട്ട മറുപടി എന്നെയും വിഷമിപ്പിച്ചു. ഒരു മീറ്റിംഗിന് പോയി തിരിച്ചുവരുന്ന വഴിയാണ്, ചെറിയ രീതിയിൽ ഉറക്കം വന്നപ്പോൾ ഒരു കാപ്പി കുടിക്കാമെന്ന് കരുതി സർവീസിൽ കയറിയതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അകത്ത് കയറി നോക്കിയപ്പോൾ കയ്യിൽ ബാക്കിയുള്ള കാശിന് അവിടെ കാപ്പി കിട്ടില്ല. ഒരു കാപ്പി വാങ്ങിക്കുടിക്കാൻ പോലും നിവൃത്തിയില്ലല്ലോ എന്ന വിഷമത്തിലാണ് അദ്ദേഹം ഇരുന്നത്.
അപ്പോഴാണ് വൃത്തിയായി മടക്കിവെച്ചിരിക്കുന്ന ഒരു വെള്ള ഷർട്ട് ബാക്ക് സീറ്റിൽ കണ്ടത്. ഞാൻ ഷർട്ട് കണ്ടതു മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് മറ്റൊരു അടിയായി. ആ ഷർട്ടാണ് അദ്ദേഹത്തിന് ഇപ്പോൾ ആകെയുള്ള ഒരു നല്ല ഷർട്ട്. അതുകൊണ്ട്, പ്രധാനപ്പെട്ട മീറ്റിംഗുകൾക്ക് മാത്രമാണ് അത് ഉപയോഗിക്കാറ്. എന്റെ കാപ്പിക്കുള്ള ക്ഷണം വളരെ നിർബന്ധിച്ചാണ് അദ്ദേഹം സ്വീകരിച്ചത്, അതും “ഇനി കാണുമ്പോൾ എന്റെ കാപ്പിയുടെ കാശ് തിരികെ തരാം” എന്ന് പറഞ്ഞുകൊണ്ട്. ആദ്യം അത് ഒരു ദുരഭിമാനമാണെന്ന് തോന്നിയെങ്കിലും, കാപ്പി കുടിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ, ജീവിതത്തിൽ പച്ചവെള്ളത്തിന്റെ വരെ കണക്ക് കേൾക്കേണ്ടി വന്ന ഒരാളുടെ മാനസിക ദുഃഖമാണെന്ന് മനസ്സിലായി.
ഇനി അദ്ദേഹത്തിന്റെ തോൽവിയുടെ കഥ പറയാം. ജീവിതത്തിൽ എന്തെങ്കിലും ആകണം, അല്ലെങ്കിൽ ലോകത്തിൽ സ്വന്തമായി ഒരു ഫുട്പ്രിന്റ് ഉണ്ടാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യുക, കൂടെയുള്ളവരെയും പരിചയക്കാരെയും രക്ഷപ്പെടുത്തുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ഇവിടെയും അവിടെയും നിന്ന് വാങ്ങിയതും കൂട്ടി, ഒരു ചെറിയ സംരംഭം തുടങ്ങി. പരിചയക്കാർക്ക് പാർട്ട് ടൈം ജോലികൾ കൊടുത്തും, സാധനങ്ങൾ ലാഭമില്ലാതെ വിട്ടും അദ്ദേഹം തന്റെ സ്ഥാപനം നടത്തി. പക്ഷേ, അദ്ദേഹം മനസ്സിലാക്കാതെ പോയത്, പലരും തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ്.
അവസാനം, കൂടെ ചങ്കുപോലെ നിന്ന ഒരാൾ ബിസിനസിനെക്കുറിച്ച് എല്ലാം പഠിച്ച് സ്വന്തമായി സമാനമായ ഒരു ബിസിനസ് തുടങ്ങി. എന്നിട്ടും, സ്നേഹത്തിന്റെ പുറത്ത് അദ്ദേഹം ആ വ്യക്തിയെ സപ്പോർട്ട് ചെയ്തു. തന്റെ സ്ഥാപനത്തിൽ ഇല്ലാത്ത സാധനങ്ങൾ ആ വ്യക്തിയുടെ സ്ഥാപനത്തിൽ ഉണ്ടെങ്കിൽ, അങ്ങോട്ട് ആളുകളെ പറഞ്ഞുവിടുകയും ചെയ്തു. പക്ഷേ, അദ്ദേഹം അറിയാതെ പോയത്, അനിയനെപ്പോലെ കണ്ട ആൾ തന്നെപ്പറ്റിയും തന്റെ സ്ഥാപനത്തെപ്പറ്റിയും അസംബന്ധ കഥകൾ പറഞ്ഞുണ്ടാക്കുന്നുണ്ടായിരുന്നു എന്നാണ്.
ക്രമേണ കച്ചവടം കുറഞ്ഞു, ആളുകളുടെ വരവ് കുറഞ്ഞു. കടവും സാധനങ്ങൾ വിറ്റുപോകാത്തതും കൂടിയപ്പോൾ, സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. കുടുംബത്തിലുള്ളവർ പോലും കണ്ടത് ഒരു തോൽവിയെ മാത്രമാണ്. യുകെയിലെപ്പോലൊരു സ്ഥലത്ത് ഇങ്ങനെയൊരു സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നത് ഒരു അത്ഭുതം തന്നെയാണ്.
ഞാൻ ചോദിച്ചു, “അന്ന് സഹായിച്ചവർ ആരും തിരികെ സഹായിച്ചില്ലേ?” അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്റെ ചിന്തയെ വീണ്ടും വിസ്മയിപ്പിച്ചു. അദ്ദേഹം സഹായിച്ചവർക്കെല്ലാം നല്ല ഓഫറുകൾ കിട്ടിയപ്പോൾ അദ്ദേഹത്തെ അവഗണിച്ചു. “മലയാളി അല്ലേ? ഓഫർ ഉണ്ടെങ്കിൽ പിന്നെ എന്ത് ബന്ധം!”
ഇതൊക്കെ കേട്ടപ്പോൾ, സത്യത്തിൽ എനിക്ക് കാപ്പിയല്ല, ഒരു പെഗ് അടിക്കണമെന്ന് തോന്നി. പക്ഷേ, തളർന്നിരിക്കുന്ന ആ മനുഷ്യന്റെ മുഖത്ത് നോക്കിയപ്പോൾ ആ തോന്നൽ മാറിപ്പോയി. ഞാൻ ചോദിച്ചു, “ഇപ്പോൾ എവിടെ പോയതാണ്?” അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “ഒരു ബെൻസ് കാർ വാങ്ങിയ ആൾ ഇപ്പോൾ മൊത്തവിലയ്ക്ക് സാധനങ്ങൾ കൊടുക്കുന്നുണ്ട്. മൊത്തവിലയ്ക്ക് സാധനങ്ങൾ കുറച്ച് കിട്ടിയാൽ വീടുകളിൽ കൊണ്ടുപോയി ഡെലിവർ ചെയ്യാം. അങ്ങനെ സാധിക്കുമോ എന്നറിയാൻ പോയതാണ്. പക്ഷേ, അവിടെയും നിരാശയായിരുന്നു ഫലം.”
ആ വിഷമത്തിൽ വണ്ടി ഓടിക്കാൻ പറ്റാതെ വന്നപ്പോഴാണ് വണ്ടി സർവീസിൽ കയറ്റിയത്. ആ മനുഷ്യനെ നോക്കിയിരിക്കാനല്ലാതെ എനിക്ക് ഒന്നിനും കഴിഞ്ഞില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും ചെയ്യാനും പറ്റില്ല. കാപ്പിയുടെ കാശ് കൊടുത്ത് കാപ്പിയും വാങ്ങി പുറത്തിറങ്ങുമ്പോൾ നമ്പർ കൈമാറി. അദ്ദേഹത്തെ മനസ്സറിഞ്ഞ് ഒന്ന് കെട്ടിപ്പിടിച്ചു. “എല്ലാം ശരിയാകും” എന്ന് പറഞ്ഞു, എല്ലാം ശരിയാകുമോ എന്ന് അറിയില്ലെങ്കിലും.
ചെറിയ മഴയത്ത് വണ്ടിയിലേക്ക് പോകുമ്പോൾ അദ്ദേഹം ചോദിച്ചു, “Audi Q5 അല്ലേ? നല്ല വണ്ടിയാണ്. ബെൻസിന് മുമ്പ് ഞാൻ ഉപയോഗിച്ച വണ്ടിയാണ്.” ഒന്നും മിണ്ടാതെ, ആ പഴയ യാരിസിലേക്ക് അദ്ദേഹത്തിനൊപ്പം നടന്നു. ആ വണ്ടിയെപ്പറ്റി ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല. ചോദിക്കാതെ തന്നെ ആ വണ്ടി പറയാതെ പറയുന്നത് ഒരുപാടുണ്ടായിരുന്നു.
വണ്ടിയിൽ കയറി രണ്ട്-മൂന്ന് തവണ ശ്രമിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, “ഞാൻ ഇടയ്ക്ക് വിളിച്ചോട്ടെ? ഒരു രണ്ട് മിനിറ്റ് സംസാരിക്കാൻ.” ഞാൻ പറഞ്ഞു, “അതിനെന്താ? എപ്പോൾ വേണമെങ്കിലും വിളിച്ചോ.” അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇതാണ്: “തോറ്റുപോയവന്റെ കഥ കേൾക്കാൻ സാധാരണ ആരും ഉണ്ടാവില്ല. അതുകൊണ്ടാണ് ചോദിച്ചത്.”