പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ – അൽ ദോസ്തൗർ ലോ ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

Aug 21, 2025 - 10:55
 0
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ – അൽ ദോസ്തൗർ ലോ ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

കുവൈത്ത് : കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാർക്ക് സൗജന്യ നിയമോപദേശവും സഹായവും ലഭ്യമാക്കുന്നതിനായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ, പ്രമുഖ കുവൈറ്റി അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ സുപ്രധാന കരാർ ഒപ്പുവച്ചു. 2019 ഡിസംബറിൽ ആരംഭിച്ച പ്രവാസി ലീഗൽ സെൽ, എല്ലാ ഇന്ത്യൻ പ്രവാസികൾക്കും ഫീസില്ലാതെ നിയമോപദേശം നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഈ ധാരണാപത്രം വഴി കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോവിഡ് മഹാമാരി കാലത്ത് പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ലീഗൽ സെൽ നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ലോക്ഡൗൺ മൂലം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്നും, പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും ഹർജികൾ സമർപ്പിച്ച് അനുകൂല വിധികൾ നേടി. കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയും, പ്രവാസി ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായും, വിദേശത്ത് മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ലീഗൽ സെൽ നിയമപരമായ ഇടപെടലുകൾ നടത്തി. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് നിർധനരായ പ്രവാസികളെ നാട്ടിലെത്തിക്കാനും ലീഗൽ സെൽ ആവശ്യപ്പെട്ടു.


വിദേശ പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതും, തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരള ഹൈക്കോടതിയിൽ നിന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ലഭിച്ച അനുമതിയും പ്രവാസി ലീഗൽ സെല്ലിന്റെ നേട്ടങ്ങളാണ്. 62 വയസ്സിന് മുകളിലുള്ളവരുടെ കേരള പ്രവാസി ക്ഷേമനിധി അംഗത്വം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ നന്ദഗോപകുമാറിന്റെ കേസ് ഉൾപ്പെടെ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമിന്റെ നേതൃത്വത്തിൽ ലീഗൽ സെൽ നിരവധി നിയമ പോരാട്ടങ്ങൾ തുടരുന്നു. കുവൈറ്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ധാരാളം പ്രവാസികൾക്ക് ലീഗൽ സെൽ വഴി നിയമസഹായം ലഭിച്ചിട്ടുണ്ട്.
സേവനങ്ങൾക്കായി +965 41105354, +965 97405211 എന്നീ നമ്പറുകളിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി ലീഗൽ സെല്ലിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മവാസീൻ ലീഗൽ കൗൺസിലിംഗ് & അറ്റോർണീസ് ഗ്രൂപ്പുമായും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇന്ത്യയിലും സൗജന്യ നിയമസഹായം നൽകി വരുന്ന ലീഗൽ സെൽ, പ്രവാസികളുടെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
English Summary: Pravasi Legal Cell Kuwait signed an MoU with Al Dostour Law Group to provide free legal assistance to Indian expatriates.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.