കബഡി വേൾഡ് കപ്പ് 2025: ഇംഗ്ലണ്ട് ടീമിനെ നയിക്കാൻ മലയാളി പെൺകരുത്ത്; നീരജയും നീലിമയും

ലണ്ടൻ : മലയാളി സഹോദരിമാരായ നീരജയും നീലിമ ഉണ്ണിയും കബഡി ലോകത്ത് മലയാളി അഭിമാനം ഉയർത്തുകയാണ്. 2025ലെ വനിതാ കബഡി വേൾഡ് കപ്പിൽ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിക്കാൻ ഒരുങ്ങുന്ന ഈ സഹോദരിമാർ, തങ്ങളുടെ പിതാവിന്റെ കായിക സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ്. മാർച്ച് 17 മുതൽ 23 വരെ വെസ്റ്റ് മിഡ്‌ലാൻഡ്സിൽ നടക്കുന്ന ഈ ചരിത്ര ടൂർണമെന്റ്, ഏഷ്യയ്ക്ക് പുറത്ത് ആദ്യമായി അരങ്ങേറുന്ന കബഡി വേൾഡ് കപ്പാണ്.
മുൻകാല ബാഡ്മിന്റൺ താരമായിരുന്ന പിതാവിന്റെ പ്രചോദനമാണ് നീരജ ഉണ്ണി സുമയെയും നീലിമ ഉണ്ണിയെയും കബഡിയിലേക്ക് ആകർഷിച്ചത്. ഈ കുടുംബത്തിന്റെ കായിക പൈതൃകം അവർക്ക് വെല്ലുവിളികളെ അതിജീവിക്കാനുള്ള ശക്തി പകർന്നു. നീരജ, ഇന്ത്യയിൽ ദേശീയ തലത്തിൽ കബഡി കളിച്ച് ഒരു ദശകത്തിലേറെ അനുഭവം സമ്പാദിച്ച താരമാണ്. മദ്രാസ് സർവകലാശാലയിൽ നിന്ന് ‘Best Player’ പുരസ്കാരം നേടിയ അവർ, സീനിയർ, ജൂനിയർ, സ്കൂൾ, വിമെൻസ് നാഷണൽ കബഡി ചാമ്പ്യൻഷിപ്സ്, യൂണിവേഴ്സിറ്റി ലെവൽ, ബ്രിട്ടീഷ് കബഡി ലീഗ് (BKL) എന്നിവയിൽ നിരന്തരം തിളങ്ങി. 2024ലെ BKL-ൽ നോട്ടിങ്ഹാം ക്വീൻസ് ടീമിനെ ക്യാപ്റ്റൻ ആയി നയിച്ച് വിജയം നേടിയ നീരജ, യു.കെ.യിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ പ്രശസ്തയാണ്.
നീലിമ ഉണ്ണി, 13 വർഷത്തെ കായിക യാത്രയിൽ സർവകലാശാലാ തലത്തിൽ മികവ് കാട്ടി. 2024ലെ BKL-ൽ നോട്ടിങ്ഹാം ക്വീൻസ് ടീമിന്റെ വിജയത്തിൽ അവർ നിർണായക പങ്കുവഹിച്ചു. നീലിമയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഈ സഹോദരിമാർ ദൃഢനിശ്ചയവും അദ്ധ്വാനവും ചേർന്ന് എന്തും നേടാമെന്ന് തെളിയിക്കുന്നു.
ഇംഗ്ലണ്ട് ആദ്യമായി കബഡി വേൾഡ് കപ്പിന് ആതിഥ്യം വഹിക്കുന്നു, ഇത് ഏഷ്യയ്ക്ക് പുറത്ത് നടക്കുന്ന ആദ്യ സംഭവമാണ്. ലോക കബഡി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും, 60-ലധികം മത്സരങ്ങൾ ബർമിംഗ്ഹാം, വോൾവർഹാംപ്ടൺ, വാൾസാൾ, കവൻട്രി എന്നിവിടങ്ങളിൽ നടക്കും. യു.കെ. സർക്കാരിന്റെ കോമൺവെൽത്ത് ഗെയിംസ് ലെഗസി എൻഹാൻസ്മെന്റ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം പൗണ്ട് ഫണ്ടിംഗ് ലഭിച്ച ഈ പരിപാടി, വെസ്റ്റ് മിഡ്‌ലാൻഡ്സ് കംബൈൻഡ് അതോറിറ്റിയുടെ പിന്തുണയോടെയാണ് നടക്കുന്നത്.