കെയർ വിസ പൂർണമായി റദ്ദാക്കാനുള്ള നീക്കം സോഷ്യൽ കെയർ മേഖലയെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് വിദഗ്ധർ.

ലണ്ടൻ: യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ കെയർ വിസ പൂർണമായി റദ്ദാക്കാനുള്ള നീക്കം സോഷ്യൽ കെയർ മേഖലയെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് വിദഗ്ധർ. വിദേശ കെയർ വർക്കർമാരുടെ റിക്രൂട്ട്മെന്റ് അവസാനിപ്പിക്കുന്നത് കെയർ ഹോമുകളുടെ അടച്ചുപൂട്ടലിനും വൃദ്ധരുടെയും രോഗികളുടെയും പരിചരണത്തിന് തടസ്സത്തിനും ഇടയാക്കുമെന്ന് കെയർ സേവന ദാതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ഈ നയം മേഖലയെ ശിക്ഷിക്കുന്നതാണെന്നും ആക്ഷേപം ഉയാരുന്നുണ്ട്.
ഹോം ഓഫീസ് കണക്കുകൾ പ്രകാരം, 2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെ 1,43,900 കെയർ വർക്കർമാർ വിസയിൽ യുകെയിലെത്തി. എന്നാൽ, 2024-ൽ ആശ്രിതർക്കുള്ള നിയന്ത്രണവും ശമ്പള പരിധി വർധനയും ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ എത്തുന്നവരുടെ എണ്ണം 26,100 ആയി കുറച്ചു. 2021-ൽ ആരംഭിച്ച കെയർ വിസ റൂട്ട് ദുരുപയോഗം ചെയ്യപ്പെടുന്നതും തൊഴിലാളികൾ ചൂഷണത്തിനിരയാകുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
വിദേശ റിക്രൂട്ട്മെന്റ് നിർത്തിയാൽ 7,000-10,000 കെയർ വർക്കർമാരുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. “സോഷ്യൽ കെയർ മേഖല സർക്കാരിന് പ്രാധാന്യമില്ലെന്ന് ഈ നയം വെളിവാക്കുന്നു,” ഹോം കെയർ അസോസിയേഷൻ മേധാവി ഡോ. ജെയ്ൻ ടൗൺസൺ വിമർശിച്ചു. പ്രവർത്തന ചെലവ് വർധനയും ധനസഹായക്കുറവും മേഖലയെ ദുർബലമാക്കിയിരിക്കെ, പുതിയ നയം നിലനിൽപ്പിന് ഭീഷണിയാകുമെന്ന് അവർ പറഞ്ഞു.
നാഷണൽ കെയർ അസോസിയേഷൻ നേതാവ് നാദ്ര അഹമ്മദ് പറയുന്നു: “തൊഴിലാളികളുടെ ലഭ്യത കുറഞ്ഞാൽ കെയർ ഹോമുകൾ അടച്ചുപൂട്ടേണ്ടി വരും. ബ്രെക്സിറ്റിന് ശേഷം മേഖല പുനരുദ്ധരിച്ചിട്ടില്ല.” ചിലർ ഈ നയത്തെ സോഷ്യൽ കെയർ ദേശസാൽക്കരണത്തിനുള്ള ശ്രമമായും വിലയിരുത്തുന്നു. സമ്പദ്‌വ്യവസ്ഥയിൽ മേഖലയുടെ പങ്ക് തിരിച്ചറിയാത്തത് ലേബർ സർക്കാരിന്റെ വീഴ്ചയാണെന്നും വിമർശനം.
സുരക്ഷിതവും അന്തസ്സുള്ളതുമായ പരിചരണം ഉറപ്പാക്കേണ്ട സോഷ്യൽ കെയർ മേഖല, ഈ നയത്തോടെ കടുത്ത വെല്ലുവിളികൾ നേരിടുമെന്ന് വ്യക്തം.