റോയൽസ് ക്രിക്കറ്റ് പൂരം ഗ്ലോസ്റ്റെർഷെയറിൽ മലയാളികളൊത്ത് ചേർന്ന് ആഘോഷമാക്കി ; ‘പാപ്പനും പിള്ളരും’ കിരീടം ചൂടി

ഗ്ലോസ്റ്റെർഷയർ: മലയാളി സമൂഹത്തിന്റെ ആവേശവും ഒത്തൊരുമയും ഒത്തുചേർന്ന റോയൽസ് ക്രിക്കറ്റ് പൂരം ഗ്ലോസ്റ്റെർഷയറിൽ അരങ്ങേറി. റോയൽസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 29-ന് നടന്ന ടൂർണമെന്റിൽ കേരളീയ തനിമയുള്ള പേര് സ്വീകരിച്ച നാല് ടീമുകൾ മാറ്റുരച്ചു. കലാശപ്പോരാട്ടത്തിൽ റോബിൻ റോബർട്ട് നയിച്ച ‘പാപ്പനും പിള്ളരും’ കിരീടം ചൂടി. മലയാളി കുടുംബങ്ങൾ കുട്ടികളുമായി എത്തിയതോടെ ഗ്രൗണ്ട് ആഘോഷത്തിന്റെ വേദിയായി.
ടൂർണമെന്റിന് മാറ്റ് കൂട്ടി ജിനീഷ് കാച്ചാപ്പിള്ളി തയ്യാറാക്കിയ രുചികരമായ ഭക്ഷണം. ഹരി കൃഷ്ണൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ മികച്ച കളിക്കാരനായി നജും നൗഷാദ്, മികച്ച ബാറ്റ്സ്മാനായി റോബിൻ തോമസ്, മികച്ച ബോളറായി അക്ഷയ് എന്നിവർ അവാർഡുകൾ നേടി. മത്സരത്തിന്റെ ആവേശവും കാണികളുടെ പിന്തുണയും പരിപാടിയെ അവിസ്മരണീയമാക്കി.
മറ്റൊരു ശ്രദ്ധേയ സംഭവം, 2025 മെയ് 11-ന് നടന്ന T10 ടൂർണമെന്റിന്റെ വിജയമാണ്. യുകെയിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തിയ ഈ ടൂർണമെന്റിന്റെ ലാഭവിഹിതത്തിന്റെ ഒരു ഭാഗം ചാരിറ്റിക്കായി നൽകാൻ സംഘാടകർ തീരുമാനിച്ചു. എറണാകുളത്ത് പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്സ് സംഘടനയ്ക്ക് വേണ്ടി ജോജി തോമസ് സംഭാവന സ്വീകരിച്ചു. ഈ സംരംഭം മലയാളി സമൂഹത്തിന്റെ ഒരുമയും സാമൂഹിക പ്രതിബദ്ധതയും വെളിവാക്കി.
2026 മെയ് മാസം യുകെയിലെ മികച്ച എട്ട് മലയാളി ടീമുകളെ ഉൾപ്പെടുത്തി രണ്ടാമത് റോയൽസ് T10 ടൂർണമെന്റ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും റോയൽസ് ക്രിക്കറ്റ് ക്ലബ് തുടർന്നും മുന്നോട്ടുപോകുമെന്ന് സംഘാടകർ വ്യക്തമാക്കി.
കൂടുതൽ ഫോട്ടോസ് കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
English Summary: The Royals Cricket Pooram, organized by the Royals Cricket Club in Gloucestershire on June 29, 2025, united the Malayali community with vibrant celebrations. ‘Pappanum Pillarum,’ led by Robin Robert, won the title. The event featured awards, delicious food, and a charity donation to Helping Hands in Ernakulam. Plans for a second T10 tournament in May 2026 were announced.