ലണ്ടനിൽ ജോലി ചെയ്തിരുന്ന മലയാളി ഫിസിയോതെറാപ്പിസ്റ്റ് നാട്ടിൽ വിടവാങ്ങി

കറുകുറ്റി: യുകെയിലെ പ്രശസ്തമായ ഗയ്‌സ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന സുരഭി പി. ജോൺ (44) കാൻസർ രോഗത്തിന് കീഴടങ്ങി നാട്ടിൽ അന്തരിച്ചു. ഒരു വർഷമായി രോഗത്തിനെതിരെ പോരാടി വന്ന സുരഭി, ചികിത്സയ്ക്കായി ഒരു മാസം മുമ്പാണ് ലണ്ടനിൽ നിന്ന് എറണാകുളം ജില്ലയിലെ കറുകുറ്റിയിലെ വീട്ടിലെത്തിയത്. ഇന്ന് രാവിലെ 6:30ന് സ്വവസതിയിൽ വച്ചാണ് അവർ ജീവിതത്തോട് വിട പറഞ്ഞത്.
പരേതരായ പി.ജെ. ജോണിന്റെയും ഏലിക്കുട്ടിയുടെയും മകളായ സുരഭി, ഇരുപത് വർഷം മുമ്പ് കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറി. ഈസ്റ്റ് സസക്സ് ടൺബ്രിഡ്ജ് വെൽസിൽ താമസമാക്കിയ അവർ, തൃശൂർ പഴുവിൽ സ്വദേശി ബിജോയ് വർഗീസിനെയാണ് വിവാഹം കഴിച്ചത്. ബെൻ, റിച്ചാർഡ്, വിക്ടോറിയ എന്നിവരാണ് മക്കൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയിൽ നടക്കും.
സുരഭിയുടെ സഹോദരൻ ബിജു പൈനാടം കേരള കൾചറൽ അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളും മുൻ എക്സിക്യൂട്ടീവ് അംഗവുമാണ്. യുകെയിലും നാട്ടിലും അവർക്ക് വലിയ സുഹൃദ് വലയമുണ്ടായിരുന്നു.