യുകെയിൽ ചികിത്സയിലിരിക്കെ മലയാളി യുവതി അന്തരിച്ചു; അഞ്ജു അമലിന് വിട

ലണ്ടൻ : യുകെയിൽ മലയാളി യുവതി പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി അമൽ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമൽ (29) ആണ് മരിച്ചത്. പനി മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ കാരണം ഒരു ആഴ്ച മുമ്പ് നോർത്താംപ്ടൺ എൻഎച്ച്എസ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർചികിത്സയിൽ കഴിയുമ്പോൾ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം.
നോർത്താംപ്ടണിലെ വില്ലിങ്ബറോയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. അഞ്ചു വർഷം മുമ്പ് വിദ്യാർത്ഥി വീസയിൽ യുകെയിലെത്തി ചെംസ്ഫോഡ് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്-സ്റ്റഡി വർക്ക് വീസയിൽ തുടരവേ ഒരു സ്വകാര്യ സ്ഥാപനത്തിൽ എക്സ്പോർട്ട് ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചു. രണ്ടര വർഷം മുമ്പ് ജോലിയിലൂടെ വർക്ക് വീസയും ലഭിച്ചു. രണ്ട് വർഷം മുമ്പാണ് വിവാഹിതയായത്.
വയനാട് പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ് - സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി ആശ. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സുഹൃത്തുക്കളുടെയും യുകെയിലുള്ള ബന്ധുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അഞ്ജുവിന്റെ കുടുംബം ഇരിട്ടി കല്ലുവയൽ സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളിയുടെ അംഗങ്ങളാണ്.