യുകെ തീരത്ത് എണ്ണക്കപ്പൽ-ചരക്ക് കപ്പൽ കൂട്ടിയിടി: തീപിടിത്തവും പരിസ്ഥിതി ഭീഷണിയും

ലണ്ടൻ : യുകെയുടെ വടക്കുകിഴക്കൻ തീരത്ത് നോർത്ത് സീയിൽ ഇന്ന് രാവിലെ ഒരു എണ്ണക്കപ്പലും ചരക്ക് കപ്പലും കൂട്ടിയിടിച്ചതിനെ തുടർന്ന് ശക്തമായ തീപിടിത്തമുണ്ടായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടിഷ് തീരസംരക്ഷണ സേനയും രക്ഷാസംഘങ്ങളും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
യുഎസ് പതാകയുള്ള എംവി സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന എണ്ണക്കപ്പലും പോർച്ചുഗീസ് പതാകയുള്ള എംവി സോലോങ് എന്ന ചരക്ക് കപ്പലുമാണ് ഹമ്പർ എസ്റ്റ്യുവറിക്ക് സമീപം കൂട്ടിയിടിച്ചത്. എണ്ണക്കപ്പൽ നങ്കൂരമിട്ട് നിൽക്കുമ്പോൾ ചരക്ക് കപ്പൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ജെറ്റ് എ-1 ഇന്ധനവുമായി യാത്ര ചെയ്തിരുന്ന എണ്ണക്കപ്പലിന്റെ ടാങ്ക് പൊട്ടിയതിനെ തുടർന്ന് ഇന്ധനം കടലിലേക്ക് ചോർന്നു. ഇതോടെ രണ്ട് കപ്പലുകളിലും തീപിടിക്കുകയും “വൻ തീഗോളം” ആകാശത്തേക്ക് ഉയരുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
രാവിലെ 9:48ന് അപകട വിവരം ലഭിച്ചതിന് പിന്നാലെ എച്ച്എം കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററുകളും സ്കെഗ്നസ്, ബ്രിഡ്‌ലിങ്ടൺ, മാബിൾതോർപ്, ക്ലീതോർപ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ലൈഫ്‌ബോട്ടുകളും സംഭവസ്ഥലത്തേക്ക് എത്തി. രണ്ട് കപ്പലുകളിൽ നിന്നുമായി 37 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഗ്രഹാം സ്റ്റുവർട്ട് എംപി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്റ്റെന ബൾക്കിന്റെ സിഇഒ എറിക് ഹനെൽ വ്യക്തമാക്കി. എന്നാൽ, ചരക്ക് കപ്പലിൽ നിന്ന് ഒരാൾ കാണാതായതായി അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
എണ്ണക്കപ്പലിൽ നിന്ന് ചോർന്ന ജെറ്റ് ഇന്ധനം കടലിൽ വ്യാപിക്കുന്നത് പരിസ്ഥിതി പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചരക്ക് കപ്പലിൽ സോഡിയം സയനൈഡ് എന്ന വിഷലിപ്ത രാസവസ്തു ഉണ്ടായിരുന്നതായും സൂചനകളുണ്ട്. ഇത് വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, പരിസ്ഥിതി നാശത്തിന്റെ വ്യാപ്തി കണക്കാക്കാൻ ഇപ്പോൾ സാധിക്കില്ലെന്ന് ഗ്രീൻപീസ് യുകെ അറിയിച്ചു. അപകട സ്ഥലത്തിന് ചുറ്റും അഞ്ച് മൈൽ വ്യോമ-നാവിക നിരോധന മേഖല പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ മറൈൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഗ്രിംസ്ബിയിൽ അന്വേഷണം ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടും എങ്ങനെ ഇത്തരമൊരു കൂട്ടിയിടി സംഭവിച്ചുവെന്ന് വ്യക്തമല്ല. യുഎസ് സൈന്യത്തിനായി ഇന്ധനം വഹിച്ചിരുന്ന എണ്ണക്കപ്പലിന്റെ ഉടമകളായ ക്രൗളി മാരിടൈം, തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അറിയിച്ചു.