ലണ്ടനിൽ സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടികളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് 9 വർഷം തടവ്

Mar 10, 2025 - 12:27
 0
ലണ്ടനിൽ സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടികളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് 9 വർഷം തടവ്
Image Credit :TVP

ലണ്ടൻ ∙ ബ്രിട്ടനിൽ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാനയ്ക്ക് (42) ലണ്ടൻ ഹാരോ ക്രൗൺ കോടതി 9 വർഷം തടവുശിക്ഷ വിധിച്ചു. 18 ഉം 16 ഉം വയസ്സുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. കുറ്റവാളിയുടെ പേര് രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ആജീവനാന്തം ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു.

നാല് വർഷത്തെ ഇടവേളയിൽ സമാനമായ രീതിയിൽ ഹിമാൻഷു മക്വാന രണ്ട് പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി കൗമാരക്കാരെ വശത്താക്കിയ പ്രതിയെ മെറ്റ് പൊലീസിന്റെ സ്പെഷൽ ഡിറ്റക്ടീവ് സംഘമാണ് പിടികൂടിയത്. 2019ൽ സ്നാപ്‌ചാറ്റ് വഴി 18 വയസ്സുള്ള ആദ്യ ഇരയുമായി ഇയാൾ ആശയവിനിമയം തുടങ്ങി. മാസങ്ങളോളം ചാറ്റ് ചെയ്ത ശേഷം പെൺകുട്ടിയെ നേരിൽ കാണാൻ ആവശ്യപ്പെട്ട് ഒഴിഞ്ഞ ഓഫിസ് ബ്ലോക്കിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അന്ന് പൊലീസിൽ പരാതി ലഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

2023 ഏപ്രിലിൽ 16 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുമായി സ്നാപ്‌ചാറ്റിൽ ചാറ്റിങ് ആരംഭിച്ച മക്വാന, 19 വയസ്സുള്ളവനാണെന്ന് വ്യാജേന പരിചയപ്പെട്ടു. പെൺകുട്ടിയുടെ സ്കൂളിന് സമീപം കാർ പാർക്ക് ചെയ്ത് കാത്തിരുന്ന ശേഷം ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡനം നടത്തി. പീഡനത്തെക്കുറിച്ച് പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ 2023 നവംബർ 27ന് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2019ലും 2023ലും നടന്ന പീഡനങ്ങൾക്ക് പിന്നിൽ ഒരേ വ്യക്തിയാണെന്ന് വ്യക്തമായത്.

എന്നാൽ, ശിക്ഷ കുറഞ്ഞുപോയതായി ഇരകളുടെ രക്ഷിതാക്കൾ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.