നോർക്ക പോലീസ് സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാകും; നോർക്ക കെയർ ജൂണിൽ, പ്രവാസി മിഷനും വരുന്നു

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ പരാതികൾ പരിഹരിക്കുന്നതിനും വിദേശ തൊഴിൽ തട്ടിപ്പുകൾ തടയുന്നതിനുമായി നോർക്ക പോലീസ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജവും നോർക്ക റൂട്ട്സും ചേർന്ന് മനാമയിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ലോകകേരള സഭാ സെക്രട്ടേറിയേറ്റിലാണ് നോർക്ക പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്.
കേരളത്തിലുടനീളം അധികാരപരിധിയുള്ള 50 അംഗ പോലീസ് സേനയാണ് ഇതിനായി രൂപീകരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകൾ, നിയമവിരുദ്ധ വിദേശ തൊഴിൽ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത്, തൊഴിൽ കരാർ ലംഘനങ്ങൾ, പ്രവാസികളുടെ കുടുംബ-വൈവാഹിക പ്രശ്നങ്ങൾ, വസ്തു കൈയേറ്റം തുടങ്ങിയവയിൽ ശക്തമായ ഇടപെടലുകൾ നടത്തി സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യം.
നിലവിൽ പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൂടുതൽ ശക്തവും വിപുലവുമായ സംവിധാനം വേണമെന്ന പ്രവാസികളുടെ ആവശ്യത്തെ തുടർന്നാണ് പുതിയ തീരുമാനം. നോർക്ക പോലീസ് സ്റ്റേഷന്റെ വിശദാംശങ്ങൾ തയ്യാറാക്കാൻ ലോകകേരള സഭാ സെക്രട്ടേറിയേറ്റ്, നോർക്ക വകുപ്പ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.
ഇതോടൊപ്പം, പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന വിവിധ വകുപ്പുകളുടെ പദ്ധതികൾ ഏകോപിപ്പിക്കാൻ പ്രവാസി മിഷൻ എന്ന കൂട്ടായ്മയും യാഥാർത്ഥ്യമാകും. കൂടാതെ, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ 2025 ജൂണിൽ ആരംഭിക്കും.
ഓപ്പൺ ഫോറത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയും പങ്കെടുത്തു. പ്രവാസികൾ ഉന്നയിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇരുവരും വിശദമായ മറുപടി നൽകി.
പ്രവാസികൾക്ക് കൂടുതൽ സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിന്റെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ പുതിയ മാനം കുറിക്കും.