യുകെയിലെ മലയാളി കലാകാരൻ പ്രേം ശങ്കറിന്റെ നേതൃത്വത്തിൽ ലോംഗ്‌റിഡ്ജ് കോ-ഓപ് സ്റ്റോറിന് വർണ്ണാഭമായ മുഖം
ലണ്ടൻ: യൂകെയിലെ ലങ്കാഷെയർ, ലോംഗ്‌റിഡ്ജ്: ബെറി ലെയ്‌നിലെ കോ-ഓപ് സൂപ്പർമാർക്കറ്റിന് മുന്നിലെ മരപ്പലകകളിൽ അശ്ലീല ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന്, മലയാളി കലാകാരൻ പ്രേം ശങ്കർ എസ് (മിസ്റ്റർ ഡൂഡ്ലി), ലോംഗ്‌റിഡ്ജ് എൻവയോൺമെന്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ, ഒരു വർണ്ണോജ്ജ്വലമായ മ്യൂറൽ സൃഷ്ടിച്ച് പ്രാദേശിക സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ഈ കലാസൃഷ്ടി, പ്രദേശവാസികളിൽ നിന്ന് “വളരെ പോസിറ്റീവ്” ആയ പ്രതികരണമാണ് നേടിയതെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. മാർച്ചിൽ എടിഎം മോഷണത്തിന് ശേഷം സ്ഥാപിച്ച പലകകളിൽ വരച്ച അശ്ലീല ഗ്രാഫിറ്റി സമീപത്തെ സ്കൂൾ കണക്കിലെടുത്ത്, ജനങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഈ ഗ്രാഫിറ്റി കണ്ട പ്രേം ശങ്കർ, മറ്റൊരു കലാകാരിയും ഭാര്യയും ആയ അമൃത യും (മിസിസ് ഡൂടെല്ലാ) ചേർന്ന്, ഏകദേശം എട്ട് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ, മെയ് 12-ന്, വർണ്ണമനോഹരമായ ഒരു ചുവർചിത്രം സൗജന്യമായി പൂർത്തിയാക്കി. ലോംഗ്‌റിഡ്ജ് എൻവയോൺമെന്റ് ഗ്രൂപ്പിന്റെ റെബെക്ക തോൺബറും ക്ലെയർ ഹൈഡും ഈ പദ്ധതിയിൽ പങ്കാളികളായി. സമൂഹത്തിലെ അംഗങ്ങൾ പെയിന്റ് സംഭാവന ചെയ്യുകയും ചിലർ പെയിന്റിംഗിൽ സഹായിക്കുകയും ചെയ്തു.
ഈ ചുവർചിത്രം, സ്ത്രീ ചിഹ്നവും “PAUSE SMILE CARRY ON” എന്ന സന്ദേശവും ഉൾപ്പെടുത്തി, കടയ്ക്ക് മുന്നിലെ സ്ഥലത്തിന് പുതുജീവൻ നൽകി. ഒരു അമ്മ തന്റെ കുട്ടികളെ കാണിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ടീമിനെ സന്തോഷിപ്പിച്ചു. പ്രേം ശങ്കർ, തന്റെ കലയിലൂടെ ലോംഗ്‌റിഡ്ജിന്റെ മനസ്സ് കീഴടക്കി, സമൂഹത്തിന്റെ ഒരുമയുടെ മാതൃക കാട്ടി.
