ബാൻബറി റെയിൽവേ സ്റ്റേഷനിൽ മലയാളിയുടെ ഫോട്ടോ: പ്രഭു നടരാജന് യുകെ ബഹുമതി

ബാൻബറി: യുകെയിലെ ബാൻബറി റെയിൽവേ സ്റ്റേഷനിൽ പാലക്കാട് സ്വദേശി പ്രഭു നടരാജന്റെ വലിയ ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ച് വർഷമായി ബാൻബറിയിൽ അദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി. കോവിഡ് കാലത്ത് ഭക്ഷണം ഇല്ലാതെ വിഷമിച്ചവർക്ക് 15 പാക്കറ്റ് ഭക്ഷണം മുതൽ തുടങ്ങി 11,000-ലധികം വിതരണം ചെയ്ത പ്രഭു, യുകെയിൽ മലയാളികൾക്ക് അഭിമാനമായി. ചിൽടേൺ റെയിൽവേയും ബാൻബറി ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്ടും ചേർന്ന് ഒരു വർഷത്തെ നാമനിർദ്ദേശ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 18 പേർക്കൊപ്പമാണ് പ്രഭുവിന്റെ ചിത്രം സ്റ്റേഷനിൽ സ്ഥാനം പിടിച്ചത്.
ബിബിസി റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി 18ന് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. 2020ൽ ബാൻബറിയിലേക്ക് താമസം മാറിയ പ്രഭു, തന്റെ വിവാഹ വാർഷിക ദിനത്തിൽ ആരംഭിച്ച ചെറിയ സഹായം വൻ സംരംഭമാക്കി മാറ്റി. 2021ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസനിൽ നിന്ന് പോയിന്റ്സ് ഓഫ് ലൈറ്റ് പുരസ്കാരവും ലഭിച്ചു. ഇപ്പോൾ ബാൻബറിയിൽ ഭാര്യ ശിൽപയോടും മക്കളായ അദ്വൈതിനും അദ്വിക്കിനുമൊപ്പം താമസിക്കുന്ന പ്രഭു, ഒരു എൽഡർലി കെയർ ഹോമിൽ കെയർ വർക്കറായി ജോലി ചെയ്യുന്നു. യുകെ പോലൊരു രാജ്യത്ത് ഇത്തരമൊരു അംഗീകാരം നേടിയ മലയാളിയിൽ ഇന്ത്യൻ സമൂഹം അഭിമാനിക്കുന്നു.