ലണ്ടനിൽ വിഷു വിളക്ക്: ഭക്തിയും സംസ്കാരവും ഒത്തുചേരുന്ന ആഘോഷ സായാഹ്നം ഏപ്രിൽ 26ന്
ലണ്ടൻ: ലണ്ടനിലെ മലയാളി സമൂഹത്തിന് ആഘോഷമായി വിഷു വിളക്ക് സംഘടിപ്പിക്കുന്നു. ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തോടെ പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായാണ് ഈ വർണ്ണാഭമായ പരിപാടി ഒരുക്കുന്നത്. ഏപ്രിൽ 26ന് വൈകിട്ട് 5.30 മുതൽ തോണ്ടൻ ഹീത്തിലെ വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.
ലൈവ് ഓർക്കസ്ട്രയോടു കൂടിയ ഭക്തിഗാനസുധ, വിഷുക്കണി, ഉപഹാർ സ്കൂൾ ഓഫ് ഡാൻസ്, ശങ്കരി സ്കൂൾ ഓഫ് ഡാൻസ് എന്നിവയുടെ നൃത്തനൃത്യങ്ങൾ, അകാലത്ത് ലണ്ടൻ മലയാളി സമൂഹത്തെ വിട്ടുപിരിഞ്ഞ ഹരിയേട്ടന്റെ ഓർമ്മകൾക്കായി ‘ഓർമ്മകളിൽ ഹരിയേട്ടൻ’ എന്ന അനുസ്മരണ ചടങ്ങ്, ദീപാരാധന, തുടർന്ന് വിഷുസദ്യ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. എല്ലാ വിഭാഗം ജനങ്ങളെയും ഈ ഭക്തിസാന്ദ്രവും സാംസ്കാരികവുമായ സായാഹ്നത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കാവുന്നതാണ്.
