ഇറ്റലിയിലെ നാപ്പിൾസിനടുത്ത് കേബിൾ കാർ അപകടംത്തിൽ ബ്രിട്ടീഷ് വനിത ഉൾപ്പെടെ നാല് മരണം

ഇറ്റലി : ഇറ്റലിയിലെ നാപ്പിൾസിനടുത്ത് ടോറെ അന്നുൻസിയാറ്റയിൽ കേബിൾ കാർ തകർന്നുവീണ് നാല് പേർ മരിച്ച സംഭവത്തിൽ ഒരു ബ്രിട്ടീഷ് വനിതയെ തിരിച്ചറിഞ്ഞു. മാർഗരറ്റ് എലൈൻ വിൻ എന്നാണ് മരിച്ച ബ്രിട്ടീഷ് വനിതയുടെ പേര്. മറ്റൊരു ബ്രിട്ടീഷ് പൗരനും അപകടത്തിൽ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച നടന്ന ദുരന്തത്തിൽ കേബിൾ കാറിന്റെ ഒരു വലിയ കേബിൾ പൊട്ടിപ്പോയതാണ് അപകടകാരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. 59 വയസ്സുള്ള കേബിൾ കാർ ഡ്രൈവർ കാർമൈൻ പാർലറ്റോ, ഇസ്രായേൽ സ്വദേശിനി ജനാൻ സുലൈമാൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ. ജനാൻ സുലൈമാന്റെ സഹോദരൻ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് രണ്ടാഴ്ച മുമ്പ് സുരക്ഷാ പരിശോധന നടത്തിയിരുന്നു എന്നാണ്കേബിൾ കാർ ഓപ്പറേറ്റർ വെളിപ്പെടുത്തിയത്,എന്നിട്ടും എന്തുകൊണ്ട് അപകടം സംഭവിച്ചുവെന്ന് കണ്ടെത്താൻ ടോറെ അന്നുൻസിയാറ്റ അധികൃതർ ക്രിമിനൽ അന്വേഷണം ആരംഭിച്ചു.
അപകടസമയത്ത് താഴ്‌വരയ്ക്ക് സമീപം മറ്റൊരു കേബിൾ കാബിനിൽ ഉണ്ടായിരുന്ന 16 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി രക്ഷപ്പെടുത്തി.
കേബിൾ കാറിന്റെ ട്രാക്ഷൻ കേബിൾ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് കാസ്റ്റല്ലമ്മാരെ ഡി സ്റ്റാബിയയിലെ മേയർ പറഞ്ഞത്, “താഴെ ഉണ്ടായിരുന്ന എമർജൻസി ബ്രേക്ക് പ്രവർത്തിച്ചെങ്കിലും, മുകളിലേക്ക് പോവുകയായിരുന്ന കാബിനിലെ ബ്രേക്ക് പ്രവർത്തിച്ചില്ല,” എന്ന് അദ്ദേഹം ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു.
1952 മുതൽ പ്രവർത്തിക്കുന്ന ഈ മൗണ്ട് ഫൈറ്റോ കേബിൾ കാർ ലൈനിൽ 1960-ൽ സമാനമായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഈ കേബിൾ ലൈൻ പതിവായി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും മേയർ വ്യക്തമാക്കി.
യുകെ വിദേശകാര്യ മന്ത്രാലയം ഇറ്റലിയിലെ അധികൃതരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും ബാധിതരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വക്താവ് അറിയിച്ചു. അപകടത്തെ തുടർന്ന് വാഷിംഗ്ടണിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു.