ടൈം മാഗസിൻ 2025 പട്ടിക: ലോകനേതാക്കളിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി, ഇന്ത്യക്കാർക്ക് സ്ഥാനമില്ല!

ലണ്ടൻ: ടൈം മാഗസിന്റെ 2025ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഒന്നാം സ്ഥാനത്ത് എത്തി. മെക്സിക്കൻ വനിതാ പ്രസിഡന്റ് ക്ലൗദിയ ഷെയിൻബോം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം നേടി. എന്നാൽ, ഈ വർഷത്തെ പട്ടികയിൽ ആദ്യ 100 സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു നേതാവിനും സ്ഥാനം ലഭിച്ചില്ല, ഇത് യുകെ മലയാളി സമൂഹത്തിനിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒയും ഇന്ത്യൻ വംശജയുമായ ഡോ. രേഷ്മ കെവൽരമണി പട്ടികയിൽ ഇടം പിടിച്ചെങ്കിലും, ഇന്ത്യയിൽ നിന്നുള്ള പ്രമുഖ നേതാക്കൾക്ക് സ്ഥാനം ലഭിക്കാത്തത് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിവെച്ചു. 2024ലെ പട്ടികയിൽ ബോളിവുഡ് താരം ആലിയ ഭട്ടും ഗുസ്തി താരം സാക്ഷി മാലിക്കും ഇടം നേടിയിരുന്നു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 12-ാം സ്ഥാനത്ത് എത്തിയിരുന്നതും ശ്രദ്ധേയമായിരുന്നു.
ലോകനേതാക്കളുടെ വിഭാഗത്തിൽ ബംഗ്ലദേശ് മുഖ്യ ഉപദേശകനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, സിറിയൻ നേതാവ് അഹമ്മദ് അൽ-ഷറ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടു. 'ആർട്ടിസ്റ്റ്' വിഭാഗത്തിൽ ബ്രിട്ടിഷ് ഗായകൻ എഡ് ഷീരനും നടി സ്കാർലറ്റ് ജൊഹാൻസനും മുന്നിലെത്തി.