സ്കോട്ട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ ദുരൂഹ മരണം: മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം

ലണ്ടൻ∙ സ്കോട്ട്‌ലൻഡിൽ മലയാളി വിദ്യാർഥിയായ എബൽ തറയിൽ (24) എന്ന യുവാവിന്റെ ദുരൂഹ മരണത്തെ തുടർന്ന്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും സംസ്കാര ചടങ്ങുകൾക്കുമായി ഇന്ത്യൻ സമൂഹം ധനസമാഹരണം ആരംഭിച്ചു. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്പോർട്സ് മാനേജ്മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിന്റെ മൃതദേഹം ഈ മാസം 12ന് രാത്രിയാണ് സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് . തൃശൂർ സ്വദേശിയായ എബലിന്റെ കുടുംബം നിലവിൽ കോഴിക്കോട്ടാണ് താമസിക്കുന്നത്.
മിഥുൻ കെ.എം. സംഘാടകനായും സുനിൽ കൊച്ചുപറമ്പിൽ ബേബി ഗുണഭോക്താവായും GoFundMe പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ഈ ധനസമാഹരണ പദ്ധതി, എബലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും മാന്യമായ യാത്രയയപ്പ് നൽകാനും ലക്ഷ്യമിടുന്നു. “ചെറുതോ വലുതോ ആയ ഓരോ സംഭാവനയും ഈ ദുഃഖവേളയിൽ കുടുംബത്തിന് ആശ്വാസമാകും,” സംഘാടകർ പറഞ്ഞു. സംഭാവന നൽകാനോ ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനോ ആഗ്രഹിക്കുന്നവർക്ക് https://gofund.me/e799c372 എന്ന ലിങ്ക് ഉപയോഗിക്കാം.
സ്റ്റിർലിങ് സർവകലാശാലയിൽ പഠനത്തോടൊപ്പം അത്‌ലറ്റിക്സ് കോച്ചായി പ്രവർത്തിച്ചിരുന്ന എബൽ, പാർട്ട് ടൈം സെയിൽസ് അഡ്‌വൈസർ ജോലിയും ചെയ്തുവരികയായിരുന്നു. എബലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത കുടുംബത്തെയും സുഹൃത്തുക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, കുടുംബം നിയോഗിച്ച സുനിൽ പയിപ്പാടിനെ (+44 7898735973) ബന്ധപ്പെടാവുന്നതാണ്. സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹവും വിവിധ സംഘടനകളും ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.