ബ്രിട്ടനിൽ 1.4 ലക്ഷം ലൈസൻസുകൾ റദ്ദാക്കി: അപകടകാരികളായ ഡ്രൈവർമാർക്ക് നേരെ ഡിവിഎൽഎയുടെ കർശന നടപടി

Apr 23, 2025 - 05:06
 0
ബ്രിട്ടനിൽ 1.4 ലക്ഷം ലൈസൻസുകൾ റദ്ദാക്കി: അപകടകാരികളായ ഡ്രൈവർമാർക്ക് നേരെ ഡിവിഎൽഎയുടെ കർശന നടപടി

ലണ്ടൻ: യുകെ റോഡുകളിൽ അപകടകരമായ ഡ്രൈവിംഗ് തടയാൻ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി (DVLA) കർശന നടപടികളുമായി മുന്നോട്ട്. 1.4 ലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ശരാശരി 374 ഡ്രൈവർമാരിൽ ഒരാൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 12-ലധികം പെനാൽറ്റി പോയിന്റുകൾ, ഗുരുതര ഡ്രൈവിംഗ് കുറ്റങ്ങൾ, അശ്രദ്ധയോ അപകടകരമോ ആയ ഡ്രൈവിംഗ് എന്നിവയാണ് നിരോധനത്തിന് പ്രധാന കാരണങ്ങൾ. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ആറ് മാസം മുതൽ രണ്ട് വർഷത്തിലധികം വരെ വിലക്ക് നീളാം, ചിലർക്ക് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസാകേണ്ടതുണ്ട്.

ഹ്രസ്വകാല കാർ ഇൻഷുറൻസ് ദാതാക്കളായ ഡേയിൻഷുർ, വിവരാവകാശ നിയമപ്രകാരം DVLA-യിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം, ലിവർപൂൾ (210-ൽ ഒരാൾ), ബ്രാഡ്ഫോർഡ് (2,159 പേർ), ടീസ്സൈഡ് എന്നിവിടങ്ങളാണ് നിരോധിത ഡ്രൈവർമാർ കൂടുതലുള്ള പ്രദേശങ്ങൾ. വെയിൽസിലെ ലാൻഡഡ്നോയും പട്ടികയിൽ ഇടംനേടി. ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ താമസിക്കുന്ന ബ്രാഡ്ഫോർഡ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരോധനം ശ്രദ്ധേയമാണ്. ഡേയിൻഷുർ മാനേജിംഗ് ഡയറക്ടർ നിക്കോളാസ് ഷോ, ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പൂർണ ഇൻഷുറൻസ് ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.

വീടുമാറ്റം ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് 1,000 പൗണ്ട് വരെ പിഴ ചുമത്തുമെന്ന് DVLA മുന്നറിയിപ്പ് നൽകി. പുതിയ വിലാസം ഓൺലൈൻ വഴി അറിയിക്കണമെന്ന് DVLA ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ്, വാഹന ലോഗ് ബുക്ക്, റോഡ് ടാക്സ് ഡയറക്ട് ഡെബിറ്റ് എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഗവൺമെന്റ് വെബ്സൈറ്റും എടുത്തുപറയുന്നു. ഇത് പാലിക്കാത്തവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരും.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.