ചെണ്ടമേളത്തിന്റെ താളവും തിരുവാതിരയും ടിനി ടോമിന്റെ കോമഡി മ്യൂസിക് നൈറ്റും: ബാൺസ്‌ലി മലയാളികളുടെ ഓണാഘോഷം അവിസ്മരണീയമായി
ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷെയറിലെ ബാൺസ്‌ലിയിൽ മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം വിപുലമായി നടന്നു. സെപ്റ്റംബർ 13, ശനിയാഴ്ച ബാൺസ്‌ലി സെന്റ് പോൾസ് ഹാളിൽ നടന്ന ചടങ്ങുകൾ ബാൺസ്‌ലി കൗൺസിൽ ഡെപ്യൂട്ടി മേയർ കൗൺസിലർ ജോ ന്യൂറിംഗ് ഉദ്ഘാടനം ചെയ്തു. ബാൺസ്‌ലി NHS ട്രസ്റ്റ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി.ഇ.ഒ. മൈക്കൽ റൈറ്റ് ആശംസകൾ അറിയിച്ചു.
“ഹേറ്റ് ദി ക്രൈം” എന്ന വിഷയത്തെ ആസ്പദമാക്കി സൗത്ത് യോർക്ഷ്യർ പോലീസ് പ്രതിനിധി കുട്ടികൾക്കും മുതിർന്നവർക്കുമായി ക്ലാസ് നടത്തി. ശ്രീ ബിനൂസ്, ടെസ്സി ജിന്റു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ചെണ്ടമേളം, പുലിക്കളി, പൂത്താലം ഏന്തിയ ബാലികമാർ എന്നിവരുടെ അകമ്പടിയോടെ മാവേലിയെയും വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് ആനയിച്ചു.
തിരുവാതിര, ഓണസദ്യ, മലയാള സിനിമാ ഹാസ്യ നടൻ ടിനി ടോമും സംഘവും അവതരിപ്പിച്ച മെഗാ മ്യൂസിക് നൈറ്റ് ആൻഡ് കോമഡി ഷോ എന്നിവയും നടന്നു. അബിൻ മാത്യു, മനു ജോർജ്, ടിനു രാജു എന്നിവർ മത്സരങ്ങൾ സംഘടിപ്പിച്ചു. ടിനി ടോമും കോമഡി താരം ബൈജു ജോസും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജിജോ ആറ്റുവ (പ്രസിഡന്റ്), ജിബിൻ പി. വർഗീസ് (കൺവീനർ), ജെറി കടമല (വൈസ് പ്രസിഡന്റ്), അനിൽ വിൽസൺ (സെക്രട്ടറി), സ്റ്റാർജറ്റ് കുര്യൻ (ട്രഷറർ), ടിനു രാജു (ജോയിന്റ് സെക്രട്ടറി), മനോജ് മോൻസി, ജിബിൻ ജോസഫ്, അബിൻ മാത്യു, ജെസ്വിൻ രാജ്, അനു ജെൻസൺ, അമൽ മാത്യൂസ്, ശബരി മോഹൻ, സെൻ ലിസ, ജാനറ്റ് പോൾ, മനു ജോർജ് തുടങ്ങിയവർ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് പരിപാടികൾക്ക് നേതൃത്വം നൽകി.