“സർവ്വം സുസജ്ജം” – എട്ടാമത് യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Jun 21, 2025 - 12:15
 0
“സർവ്വം സുസജ്ജം” – എട്ടാമത് യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ലണ്ടൻ: ഈ മാസം 28-ന് (ശനിയാഴ്ച) ലെസ്റ്ററിലെ മഹർ സെന്ററിൽ നടക്കാനിരിക്കുന്ന യൂറോപ്പിലെ സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാസംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, യൂറോപ്പിലെ എല്ലാ ക്നാനായ ഇടവകകളിലെയും വിശ്വാസികൾ, വൈദികർ, യൂറോപ്യൻ ക്നാനായ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പൂർണ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ സംഗമംസഫലമാകാൻ പോകുന്നത്.

കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചോട് ചേർക്കുന്ന യൂറോപ്യൻ ക്നാനായ സമൂഹത്തിന്റെ ഐക്യവും, തനിമയിൽ ഇഴചേർന്ന സ്നേഹബന്ധങ്ങളുടെ ഊഷ്മളതയും ഊട്ടിയുറപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ഈ മഹാസംഗമത്തിന് അനുഗ്രഹാശംസകൾ നേരാനും, മുൻനിരയിൽ നിന്ന് നേതൃത്വം നൽകാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്ത, സമുദായ സെക്രട്ടറി ശ്രീ. ടി. ഒ. എബ്രഹാം, സമുദായ ട്രസ്റ്റി ശ്രീ. ടി. സി. തോമസ് എന്നിവർ ഇതിനോടകം യു.കെ.യിൽ എത്തിച്ചേർന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി, യൂറോപ്പിലെ എല്ലാ ക്നാനായ ദേവാലയങ്ങളിലും, അതത് വികാരിമാർ, ഭരണസമിതി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. എട്ടാമത് ക്നാനായ സംഗമവേദിയിൽ അവിസ്മരണീയമായ കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ, എല്ലാ ഇടവകകളും വൈവിധ്യമാർന്ന കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ചിട്ടയായ ഒരുക്കങ്ങൾ, കൃത്യമായ ഇടവേളകളിലെ അവലോകന യോഗങ്ങൾ, സമയബന്ധിതമായി നടപ്പാക്കപ്പെടുന്ന തീരുമാനങ്ങൾ, എല്ലാ ഇടവകകളിലെയും പ്രതിനിധികളെ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ, നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് ഫാദർ ബിനോയ് തട്ടാൻകന്നേൽ, ശ്രീ. അപ്പു മണലിത്തറ, ശ്രീ. ജിനു കോവിലാൽ, ശ്രീ. ജോ ഒറ്റതൈക്കൽ എന്നിവർ നേതൃത്വം നൽകുന്ന കേന്ദ്ര സംഗമനിർവാഹക സമിതി പ്രവർത്തിച്ചുവന്നത്.

സംഗമ ദിവസത്തെ പ്രധാന പരിപാടികൾ

 വിശുദ്ധ കുർബാന, യൂറോപ്പിലെ ക്നാനായ ഇടവകാംഗങ്ങളെ അണിനിരത്തിയുള്ള ഘോഷയാത്ര, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ എന്നിവ സംഗമദിനത്തിൽ നടക്കും. ഫാദർ ജോമോൻ പൊന്നൂസ് രചനയും ഈണവും നൽകിയ സ്വാഗത ഗാനത്തിന്റെ താളശീലുകൾക്ക്, യു.കെ.യിലെ പ്രശസ്ത കലാകാരൻ കലാഭവൻ നൈസിന്റെ നേതൃത്വത്തിൽ 50-ലധികം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകൾ ചേർത്ത്, കാണികൾക്ക് എന്നും ഓർമയിൽ നിൽക്കുന്ന ദൃശ്യവിസ്മയം ഒരുങ്ങുന്നു.

സംഗമവേദിയിൽ പ്രത്യേകം ഒരുക്കിയ പാർക്കിങ്, ഫുഡ് സ്റ്റാളുകൾ, അധിക ടോയ്‌ലറ്റ് സൗകര്യങ്ങൾ, സുരക്ഷാ സേവനങ്ങൾ, മറ്റു അനവധി സൗകര്യങ്ങൾ എന്നിവ പരിമിതികൾക്കിടയിലും സംഗമ കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്.

പ്രവേശന ക്രമീകരണങ്ങൾ

 സംഗമവേദിയിലേക്കുള്ള പ്രവേശനം, മുൻകൂട്ടി ഇടവകകളിൽ വിതരണം ചെയ്ത അല്ലെങ്കിൽ സംഗമദിനത്തിൽ വേദിയിൽ ലഭ്യമാകുന്ന പ്രവേശന ടിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ്. ടിക്കറ്റുകൾ ഇതുവരെ ലഭിക്കാത്ത ക്നാനായ സമുദായാംഗങ്ങൾ, അതത് ദേവാലയങ്ങളിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരുമായോ കേന്ദ്ര സംഗമ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

ചരിത്രത്തിന്റെ ഏടുകളിൽ ഇടംനേടുന്ന, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ അനുപമ സംഗമത്തിലേക്ക് ഏവരെയും ഒരിക്കൽക്കൂടി ഹാർദവമായി സ്വാഗതം ചെയ്യുന്നതായി എട്ടാമത് യൂറോപ്യൻ ക്നാനായ സംഗമ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.