എൻഎച്ച്എസ് ജീവനക്കാരുടെ ജോലിസമ്മർദ്ദവും ക്ഷീണവും രോഗികൾക്ക് അപകട ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന അതിതീവ്ര ക്ഷീണവും ജോലിസമ്മർദ്ദവും രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ഹെൽത്ത് സർവീസസ് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബോഡി മുന്നറിയിപ്പ് നൽകുന്നു. നീണ്ട ഷിഫ്റ്റുകൾ, വിശ്രമമില്ലായ്മ, ജോലിഭാരം എന്നിവ മൂലം ജീവനക്കാർ ക്ഷീണിതരാകുന്നു. ഇത് മരുന്ന് പിഴവുകൾ, തെറ്റായ തീരുമാനങ്ങൾ, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. തെറ്റായ ഗർഭാശയ സ്കാനും കീമോതെറാപ്പി മരുന്ന് പിഴവും ഇതിന്റെ ഉദാഹരണങ്ങളാണ്.
ക്ഷീണം ജീവനക്കാർക്കും അപകടകരമാണ്. ജോലി കഴിഞ്ഞ് വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപോകുന്നതും, റോഡപകടങ്ങളിൽ മരണമടയുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “12 മണിക്കൂർ രാത്രി ഷിഫ്റ്റിന്റെ മൂന്നാം ദിവസം രാത്രി 2 മണിക്ക് ശേഷം ജീവൻ രക്ഷിക്കാനുള്ള തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ല,” ഒരു ഡോക്ടർ വെളിപ്പെടുത്തി. “ക്ഷീണം വ്യക്തിഗത പ്രശ്നമല്ല, സിസ്റ്റം തലത്തിലുള്ള സുരക്ഷാ വിഷയമാണ്,” HSSIB-യുടെ സസ്കിയ ഫർസ്‌ലാൻഡ് പറഞ്ഞു.
ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ഡോ. ലതീഫ പട്ടേൽ, മെച്ചപ്പെട്ട ഷിഫ്റ്റ് ഡിസൈനും വിശ്രമ സൗകര്യങ്ങളും ആവശ്യമാണെന്ന് പറഞ്ഞു. ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടി. എൻഎച്ച്എസ് ഇംഗ്ലണ്ട്, ജീവനക്കാർക്ക് വഴക്കമുള്ള ജോലിസമയവും മാനസികാരോഗ്യ പിന്തുണയും നൽകി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.