യുകെ മലയാളി നാട്ടിൽ കാൻസർ രോഗ ചികിത്സയിലിരിക്കെ അന്തരിച്ചു: വിടവാങ്ങിയത് കോട്ടയം നീണ്ടൂർ സ്വദേശി

ലണ്ടൻ : യുകെ മലയാളി സമൂഹത്തിന് ആഘാതമായി കോട്ടയം നീണ്ടൂർ സ്വദേശി ശ്രീരാജ് പി എസ് (42) എറണാകുളം അമൃത ആശുപത്രിയിൽ അന്തരിച്ചു. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ശ്രീരാജ് ചൊവ്വാഴ്ച വൈകുന്നേരം വിടവാങ്ങി.
ബക്കിംഗ്ഹാമിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ശ്രീരാജ്, രണ്ട് മാസം മുമ്പ് നാട്ടിലെത്തി നടത്തിയ മെഡിക്കൽ പരിശോധനയിൽ ഉദരസംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചു. നാട്ടിൽ ചികിത്സ ആരംഭിച്ച ശേഷം യുകെയിലെ സ്റ്റോക് മാൻഡിവിൽ ആശുപത്രിയിൽ തുടർ ചികിത്സ തേടി. എന്നാൽ, വിദഗ്ധ പരിചരണത്തിനായി അമൃത ആശുപത്രിയിൽ തിരികെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല.
ശ്രീരാജിന്റെ ഭാര്യ സുബിയ വിജയൻ ബക്കിംഗ്ഹാമിലെ ക്ലയർഡൻ ഹൗസിൽ നഴ്സാണ്. മക്കൾ: ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10). മൂത്ത സഹോദരി ശശികല സാബിസ് ബെഡ്ഫോർഡിൽ നഴ്സായി ജോലി ചെയ്യുന്നു.
സംസ്കാരം ജൂൺ 5, വ്യാഴാഴ്ച ഉച്ചയ്ക്ക് 3:30ന് നീണ്ടൂരിലെ വീട്ടുവളപ്പിൽ നടക്കും.