ഗാന്ധി സ്മൃതി കുവൈറ്റിന്റെ നാലാം വാർഷികം: സ്നേഹ സംഗമം 2025 ഗംഭീരമായി ആഘോഷിച്ചു

കുവൈറ്റ്: ഗാന്ധി സ്മൃതി കുവൈറ്റിന്റെ നാലാം വാർഷികാഘോഷമായ സ്നേഹ സംഗമം 2025, മെയ് 2 വെള്ളിയാഴ്ച അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത സിനിമാ-നാടക താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, അദ്ദേഹത്തിന്റെ പ്രശസ്ത ഏകാങ്ക നാടകം ‘പെൺ നടൻ’ കുവൈറ്റിന്റെ മണ്ണിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. കുവൈറ്റിന്റെ കലാ-സാംസ്കാരിക മണ്ണിന്റെ മനസ്സ് നിറച്ചതിൽ തനിക്ക് തികഞ്ഞ ചാരിതാർഥ്യമുണ്ടെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
പ്രശസ്ത പണ്ഡിതനായ എം.എൻ. കാരശ്ശേരി മാസ്റ്റർ ലണ്ടനിൽ നിന്ന് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ദർശനങ്ങളായ സ്നേഹവും കരുണയും കാലത്തിനും ദേശത്തിനും അതീതമാണെന്നും, സത്യത്തിനും സമത്വത്തിനും സമർപ്പിക്കപ്പെട്ട ഗാന്ധിയൻ തത്ത്വങ്ങളിൽ ജീവിതമൂല്യങ്ങൾ അധിഷ്ഠിതമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഗാന്ധി സ്മൃതി അംഗങ്ങളായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീമതി മിനി കുരിയൻ, കലാ-സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ശ്രീമതി അഖില അൻവി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ പയ്യന്നൂർ, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-നിയമ രംഗങ്ങളിലെ പ്രമുഖനും കേരള സർക്കാരിന്റെ നോർക്ക ലോക കേരള സഭാ പ്രതിനിധിയുമായ ശ്രീ ബാബു ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗാന്ധി സ്മൃതി പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി മധു, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക് ജോസ്, വൈസ് പ്രസിഡന്റ് റൊമാൻസ് പേറ്റൺ, ആർട്സ് സെക്രട്ടറി പോളി അഗസ്റ്റിൻ, പ്രോഗ്രാം കൺവീനർ ജെയിംസ് മോഹൻ, ജോയിന്റ് സെക്രട്ടറി ബിജു അലക്സാണ്ടർ, വനിതാ ചെയർപേഴ്സൺ ഷീബ പേറ്റൺ, വനിതാ സെക്രട്ടറി കൃഷ്ണകുമാരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മാഹി സ്വാഗതവും ട്രഷറർ സജിൽ നന്ദിയും പറഞ്ഞു.
നാലാം വാർഷികാഘോഷം, ഗാന്ധിയൻ മൂല്യങ്ങളുടെ പ്രചാരണത്തിനും കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ ഐക്യത്തിനും വേദിയായി.