വനിതാ ഓഫിസറുമായി ബന്ധം: യുകെയിലെ റോയൽ നേവി മേധാവി അഡ്മിറൽ സർ ബെൻ കീക്ക് സസ്‌പെൻഷൻ, രാജി വിലക്കി നിർണായക നീക്കമോ?
ലണ്ടൻ ∙ യുകെയിലെ റോയൽ നേവിയുടെ ഫസ്റ്റ് സീ ലോർഡ് അഡ്മിറൽ സർ ബെൻ കീ (59) തനിക്ക് കീഴിൽ ജോലി ചെയ്യുന്ന വനിതാ ഓഫിസറുമായി അനുചിത ബന്ധം പുലർത്തിയെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. 500 വർഷത്തെ നേവി ചരിത്രത്തിൽ ആദ്യമായാണ് മേധാവിക്കെതിരെ ഇത്തരമൊരു അന്വേഷണം. ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം (MoD) നടത്തുന്ന അന്വേഷണം പൂർത്തിയാകുംവരെ അദ്ദേഹത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തി.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ബെൻ കീ 2021 മുതൽ ഫസ്റ്റ് സീ ലോർഡായിരുന്നു. ഈ വേനൽക്കാലത്ത് വിരമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ആരോപണങ്ങൾ മൂലം രാജി താൽക്കാലികമായി വിലക്കപ്പെട്ടു. വൈസ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ഡേം ഷാരോൺ നെസ്മിത്ത് അന്വേഷണം നയിക്കുന്നു. റോയൽ നേവിയുടെ ‘സർവീസ് ടെസ്റ്റ്’ ലംഘിച്ചതിന് അദ്ദേഹത്തിന് കോർട്ട് മാർഷൽ, റാങ്ക് കുറയ്ക്കൽ, അല്ലെങ്കിൽ പിരിച്ചുവിടൽ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടി വന്നേക്കാം.
നിലവിൽ, വൈസ് അഡ്മിറൽ സർ മാർട്ടിൻ കോണൽ റോയൽ നേവിയുടെ ചുമതല വഹിക്കുന്നു. ജനറൽ സർ ഗ്വിൻ ജെങ്കിൻസ് പുതിയ ഫസ്റ്റ് സീ ലോർഡായി നിയമിതനാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
