ഗ്ലോസ്റ്റർഷെയർ റോയൽസ് CC T10 ക്രിക്കറ്റ് ടൂർണമെന്റ്: കവൻട്രി ബ്ലൂസ് ചാമ്പ്യന്മാർ
ലണ്ടൻ: ഗ്ലോസ്റ്റർഷെയറിലെ ടഫ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ മലയാളി യുവാക്കളുടെ ആവേശകരമായ നേതൃത്വത്തിൽ നടന്ന റോയൽസ് CC T10 ക്രിക്കറ്റ് ടൂർണമെന്റ് യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവം പകർന്നു. ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിച്ച റോയൽസ് കപ്പിൽ യുകെയിലെ എട്ട് മുൻനിര ടീമുകൾ കിരീടത്തിനായി മാറ്റുരച്ചു.
മെയ് 11-ന് നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ കവൻട്രി ബ്ലൂസ് മിന്നുന്ന പ്രകടനത്തോടെ വിജയം കരസ്ഥമാക്കി. AMPLE Mortgage (ശ്രീജിത്ത് എസ്) സ്പോൺസർ ചെയ്ത 1001 പൗണ്ട് ക്യാഷ് പ്രൈസും Logezy Temporary Recruitment Software നൽകിയ മനോഹരമായ ട്രോഫിയും അവർ സ്വന്തമാക്കി. ഫൈനലിൽ ശക്തമായ മത്സരം കാഴ്ചവെച്ച ഓക്സ്ഫോർഡ് ഗള്ളി ക്രിക്കറ്റേഴ്‌സ് രണ്ടാം സ്ഥാനം നേടി. The Carestaff Consulting Ltd Gloucester സ്പോൺസർ ചെയ്ത 501 പൗണ്ടിന്റെ ക്യാഷ് അവാർഡ് അവർക്ക് ലഭിച്ചു.
മട്ടാഞ്ചേരി കിച്ചൻ ഒരുക്കിയ നാടൻ മലയാളി വിഭവങ്ങളുടെ രുചിമേള ടൂർണമെന്റിന് കൂടുതൽ മാറ്റ് കൂട്ടി. കുട്ടികൾക്കായി സജ്ജീകരിച്ച വിനോദ പരിപാടികളും ഗെയിമുകളും കുടുംബങ്ങൾക്ക് ആഹ്ലാദകരമായ അനുഭവം സമ്മാനിച്ചു.
ടൂർണമെന്റിന്റെ ലാഭം ചാരിറ്റിക്കായി നീക്കിവെക്കുമെന്ന് സംഘാടകർ അറിയിച്ചു. കായിക മത്സരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച ഈ ക്രിക്കറ്റ് ഉത്സവം യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷമായി.
