ഇംഗ്ലണ്ടിൽ ഹോസ്‌പൈപ്പ് നിരോധനം: ദുരിതത്തിൽ ലക്ഷക്കണക്കിന് ജനങ്ങൾ
ഇംഗ്ലണ്ടിൽ വരൾചയെ തുടർന്ന് 70 ലക്ഷം പേർക്ക് ഹോസ്‌പൈപ്പ് നിരോധനം; കെന്റ്, സസെക്സ്, യോർക്ഷെയർ തുടങ്ങിയ പ്രദേശങ്ങൾ ജലക്ഷാമത്തിൽ.

ഇംഗ്ലണ്ടിൽ 2025-ലെ മൂന്നാമത്തെ ചൂട് തരംഗം ആഞ്ഞടിക്കുന്നതിനിടെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹോസ്‌പൈപ്പ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 1893-ന് ശേഷമുള്ള ഏറ്റവും വരണ്ട വസന്തകാലം അനുഭവിച്ചതിനാൽ, വരൾചയും ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഏകദേശം 70 ലക്ഷം ജനങ്ങൾ, അതായത് ഇംഗ്ലണ്ടിന്റെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം, ജല ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ഈ നിരോധനം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ, പ്രത്യേകിച്ച് പൂന്തോട്ടപരിപാലനം, വാഹനം കഴുകൽ, കുളങ്ങൾ നിറയ്ക്കൽ തുടങ്ങിയവയെ ബാധിക്കുന്നു.
കെന്റ്, സസെക്സ് എന്നിവിടങ്ങളിലെ 14 ലക്ഷം ഉപഭോക്താക്കൾക്ക് ജൂലൈ 18 മുതൽ ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തിയതായി സൗത്ത് ഈസ്റ്റ് വാട്ടർ പ്രഖ്യാപിച്ചു. ഈ വർഷം ജല ഉപഭോഗം റെക്കോർഡ് നിലയിൽ എത്തിയതിനാൽ, കമ്പനിയുടെ വരൾചാ പദ്ധതിയിലെ പരിധികൾ മറികടന്നതായി അധികൃതർ വ്യക്തമാക്കി. ജൂൺ 30-ന് 680 ദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തതായി കമ്പനി അറിയിച്ചു, ഇത് സാധാരണ വേനൽക്കാല ശരാശരിയേക്കാൾ 100 ദശലക്ഷം ലിറ്റർ അധികമാണ്. യോർക്ഷെയറിൽ, 55 ലക്ഷം നിവാസികളെ ബാധിക്കുന്ന ഹോസ്‌പൈപ്പ് നിരോധനം ജൂലൈ 11 മുതൽ നിലവിൽ വന്നിട്ടുണ്ട്.
യോർക്ഷെയർ വാട്ടർ പറയുന്നതനുസരിച്ച്, ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ 15 സെന്റിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്, ഇത് സാധാരണ വർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രമാണ്. ഇതോടെ ജലസംഭരണികളുടെ നില 55.8 ശതമാനത്തിൽ എത്തിയിരിക്കുന്നു, ഇത് സാധാരണ നിലയേക്കാൾ 26.1 ശതമാനം കുറവാണ്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടും മെയ് മാസം മുതൽ ‘വരൾച’ അവസ്ഥയിൽ പ്രവേശിച്ചതായി എൻവയോൺമെന്റ് ഏജൻസി പ്രഖ്യാപിച്ചു. താമസ് വാട്ടർ, 1.6 കോടി ഉപഭോക്താക്കൾക്ക് ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നോർത്ത് വെസ്റ്റ്, യോർക്ഷെയർ എന്നിവിടങ്ങളിലെ ജലസംഭരണികളുടെ നില 1984, 1995, 2022 വരൾച വർഷങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണ്. തുടർച്ചയായ ഉയർന്ന താപനിലയും മഴയുടെ അഭാവവും ജലക്ഷാമത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ജനങ്ങൾ ജലം ലാഭിക്കണമെന്നും, ബക്കറ്റോ വാട്ടറിംഗ് കാനോ ഉപയോഗിച്ച് പൂന്തോട്ട പരിപാലനം, വാഹനം കഴുകൽ തുടങ്ങിയവ നടത്താമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, ജലസംരക്ഷണത്തിനായി ചോർച്ചകൾ പരിഹരിക്കുന്നതിനും ജലം പ്രാദേശികമായി വിനിയോഗിക്കുന്നതിനും വാട്ടർ കമ്പനികൾ ശ്രമങ്ങൾ തുടരുകയാണ്.
English Summary: Hosepipe bans affect over 7 million people in England due to severe drought conditions following the driest spring since 1893.