ഇന്ത്യ-യുകെ ഉന്നതതല ചര്‍ച്ച: ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി യുകെ വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസനകാര്യ മന്ത്രാലയത്തിന്റെ പെര്‍മനന്റ് അണ്ടര്‍-സെക്രട്ടറി സര്‍ ഒലിവര്‍ റോബിന്‍സ് ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായി നടത്തിയ വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, പ്രത്യേകിച്ച് ചരിത്രപരമായ വ്യാപാര കരാറിന്റെ പ്രഖ്യാപനത്തോടെ, ബന്ധം കൂടുതല്‍ ദൃഢമായതായി ഇരുവരും അഭിപ്രായപ്പെട്ടു.
മെയ് 6-ന് ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം 4300 കോടി പൗണ്ടില്‍ നിന്ന് 2550 കോടി പൗണ്ട് കൂടി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ കരാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമൃദ്ധി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ദീര്‍ഘകാല ദര്‍ശനം നടപ്പാക്കാന്‍ സര്‍ ഒലിവര്‍ റോബിന്‍സും വിക്രം മിശ്രിയും പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക വളര്‍ച്ചയാണ് യുകെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി ഇന്ത്യയുമായുള്ള സഹകരണം നിര്‍ണായകമാണെന്നും റോബിന്‍സ് വ്യക്തമാക്കി.
ഈ വര്‍ഷത്തെ ചര്‍ച്ചകളില്‍ ആദ്യമായി സ്ട്രാറ്റജിക് എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ടെക്‌നോളജി കോ-ഓപ്പറേഷന്‍ ഡയലോഗും ഉള്‍പ്പെട്ടു. സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാവി സഹകരണത്തിനുള്ള മേഖലകള്‍ തിരിച്ചറിയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സങ്കീര്‍ണമായ ആഗോള സാഹചര്യത്തില്‍ ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാന്‍ ഇരു സര്‍ക്കാരുകളും ശക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് റോബിന്‍സ് അഭിപ്രായപ്പെട്ടു.
സന്ദര്‍ശനത്തിന്റെ ഭാഗമായി, സര്‍ ഒലിവര്‍ റോബിന്‍സ് ജി20, ആഭ്യന്തര കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. 2025 ജനുവരിയില്‍ എഫ്‌സിഡിഒയുടെ പെര്‍മനന്റ് അണ്ടര്‍-സെക്രട്ടറിയായി നിയമിതനായ റോബിന്‍സ്, യുകെയുടെ ഡിപ്ലോമാറ്റിക് സര്‍വീസിന്റെ തലവനും വിദേശകാര്യ സെക്രട്ടറിയുടെ പ്രധാന ഉപദേശകനുമാണ്. ഈ സന്ദര്‍ശനം ഇന്ത്യ-യുകെ ബന്ധത്തിന്റെ അടുത്ത ഘട്ടത്തിന് ശക്തമായ അടിത്തറ പാകുമെന്നാണ് പ്രതീക്ഷ.
