158 വർഷം പഴക്കമുള്ള കമ്പനിയെ തകർത്തത് ദുർബലമായ പാസ്‌വേഡ്; 700 പേർക്ക് ജോലി നഷ്ടം
നോർത്താംപ്റ്റൻഷെയറിലെ 158 വർഷം പഴക്കമുള്ള ഗതാഗത കമ്പനിയായ കെഎൻപിയെ ഒരൊറ്റ ദുർബല പാസ്‌വേഡ് മൂലം റാൻസംവെയർ ഹാക്കർമാർ തകർത്തതായി റിപ്പോർട്ട്. ഒരു ജീവനക്കാരന്റെ പാസ്‌വേഡ് ഊഹിച്ചെടുത്ത ഹാക്കർമാർ കമ്പനിയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ അതിക്രമിച്ച് കയറി, ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും ആന്തരിക സിസ്റ്റങ്ങൾ പൂട്ടുകയും ചെയ്തു. 500 ലോറികൾ പ്രവർത്തിപ്പിച്ചിരുന്ന കെഎൻപി, ‘നൈറ്റ്സ് ഓഫ് ഓൾഡ്’ എന്ന ബ്രാൻഡിന് കീഴിൽ പ്രവർത്തിച്ചിരുന്നെങ്കിലും, ഈ ആക്രമണത്തെ തുടർന്ന് 700 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. ഹാക്കർമാർ ആവശ്യപ്പെട്ട 50 ലക്ഷം പൗണ്ടിന്റെ കൊള്ളപ്പണം നൽകാൻ കമ്പനിക്ക് കഴിയാതെ വന്നതോടെ എല്ലാ ഡാറ്റയും നഷ്ടമായി.
അകിറ എന്നറിയപ്പെടുന്ന ഹാക്കർ സംഘമാണ് ആക്രമണത്തിന് പിന്നിൽ. കമ്പനിയുടെ ഐടി സംവിധാനങ്ങൾ വ്യവസായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ ഇൻഷുറൻസ് എടുത്തിരുന്നുവെന്നും കെഎൻപി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരു ചെറിയ പിഴവ് മൂലം ഹാക്കർമാർക്ക് സിസ്റ്റത്തിൽ പ്രവേശനം ലഭിക്കുകയും, ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തവിധം കമ്പനി തകർക്കപ്പെടുകയും ചെയ്തു. കെഎൻപി ഡയറക്ടർ പോൾ അബോട്ട്, ഈ പാസ്‌വേഡ് പിഴവ് മൂലം കമ്പനി തകർന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ അറിയിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി.
യുകെയിലെ എംആൻഡ്എസ്, കോ-ഓപ്, ഹാരോഡ്സ് തുടങ്ങിയ പ്രമുഖ കമ്പനികളും സമീപ മാസങ്ങളിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. കോ-ഓപ്പിന്റെ 65 ലക്ഷം അംഗങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടതായി സിഇഒ സ്ഥിരീകരിച്ചു. ദേശീയ സൈബർ സുരക്ഷാ കേന്ദ്രം (എൻസിഎസ്‌സി) ഓരോ ദിവസവും ഒരു വലിയ ആക്രമണം നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി. യുകെയെ ഓൺലൈൻ ജീവിതത്തിനും ജോലിക്കും ഏറ്റവും സുരക്ഷിതമായ ഇടമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻസിഎസ്‌സി സിഇഒ റിച്ചാർഡ് ഹോൺ പറഞ്ഞു.
എൻസിഎസ്‌സിയുടെ ഒരു ടീം നേതാവായ ‘സാം’ (യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല) പറയുന്നത്, ഹാക്കർമാർ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്നും, ദുർബലമായ ഒരു കണ്ണി കണ്ടെത്തി അവർ അതിനെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നതെന്നും. ഇന്റലിജൻസ് ഉറവിടങ്ങൾ ഉപയോഗിച്ച്, ഹാക്കർമാരെ സിസ്റ്റങ്ങളിൽ നിന്ന് പുറന്തള്ളാനും ആക്രമണങ്ങൾ തടയാനും എൻസിഎസ്‌സി ശ്രമിക്കുന്നുണ്ട്. ബിസിനസുകൾ അവരുടെ സിസ്റ്റങ്ങൾ സുരക്ഷിതമാക്കണമെന്നും, ചെറിയ പിഴവുകൾ പോലും വലിയ നാശത്തിന് കാരണമാകുമെന്നും റിച്ചാർഡ് ഹോൺ മുന്നറിയിപ്പ് നൽകി.
English Summary: A weak password allowed hackers to destroy a 158-year-old UK transport company, KNP, leading to the loss of 700 jobs.
