ഹീത്രൂ വിമാനത്താവള പവർ തകരാർ: യു.കെ. സർക്കാർ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

ലണ്ടൻ: ഹീത്രൂ വിമാനത്താവളത്തിൽ വെള്ളിയാഴ്ച ഉണ്ടായ പവർ തകരാറിനേക്കുറിച്ച് അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് എനർജി സെക്രട്ടറി എഡ് മിലിബാൻഡ്. വെസ്റ്റ് ലണ്ടനിലെ നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തമാണ് ഈ പ്രതിസന്ധിക്ക് കാരണം. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (NESO) നയിക്കുന്ന ഈ അന്വേഷണം, സംഭവത്തിന്റെ വിശദമായ വിലയിരുത്തലും യുകെയുടെ ഊർജ സ്ഥിരതയെക്കുറിച്ചുള്ള വീക്ഷണവും നൽകുമെന്നാണ് ഊർജ സുരക്ഷാ വകുപ്പിന്റെ വിശദീകരണം.
വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെടുകയും ലോകമെമ്പാടുമുള്ള യാത്രക്കാർ കുടുങ്ങുകയും ചെയ്തു. ഹീത്രൂ ശനിയാഴ്ച “പൂർണ്ണമായി പ്രവർത്തനക്ഷമമാണെന്ന്” അറിയിച്ചു, എന്നിരുന്നാലും ചില വിമാനങ്ങൾ വീണ്ടും റദ്ദാകുകയും വൈകുകയും ചെയ്തു. കൗണ്ടർ ടെററിസം യൂണിറ്റ് അന്വേഷണം നടത്തുകയാണെങ്കിലും, ഇത് സംശയാസ്പദമായ സംഭവമല്ലെന്ന് മെറ്റ്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. ഹീത്രൂയിലെ മൂന്ന് സബ്‌സ്റ്റേഷനുകളിൽ ഒന്ന് പ്രവർത്തനരഹിതമായപ്പോൾ, ബാക്കപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പൂർണ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകി.
പ്രതിസന്ധി കാലത്ത് ഹീത്രൂ വിമാനത്താലവളത്തിന്റെ പ്രവർത്തനം എങ്ങനെ ഉണ്ടായിരുന്നുവെന്ന് വിലയിരുത്താൻ മുൻ ഗതാഗത സെക്രട്ടറി റൂത്ത് കെല്ലി നയിക്കുന്ന അവലോകനം ആരംഭിച്ചു. 50 അധിക സ്ലോട്ടുകൾ ചേർത്ത് 10,000 യാത്രക്കാരെ കൂടി ഉൾക്കൊള്ളാൻ ഹീത്രൂ ശ്രമിച്ചുവെങ്കിലും, തുടർച്ചയായ റദ്ദാക്കലുകളും പ്രതിസന്ധികളും ഉണ്ടായി. 30-ലധികം ഡിപ്പാർച്ചറുകളും 70-ലധികം അറൈവലുകളും റദ്ദാക്കി, ദോഹ, റിയാദ്, ദുബൈ, മാഞ്ചസ്റ്റർ, ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്ന് പ്രതീക്ഷിച്ച വിമാനങ്ങൾ എത്തിയില്ല.
ഹീത്രൂ വിമാനത്താവള ചെയർമാൻ ലോർഡ് പോൾ ഡീറ്റൺ “ഈ അസാധാരണ സംഭവത്തിൽ നിന്ന് പാഠങ്ങൾ കണ്ടെത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. NESO ആറ് ആഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, അതിനുശേഷം യുകെ ഗവൺമെന്റും പവർ റെഗുലേറ്ററായ ഓഫ്ജം ഉം തുടർ നടപടികൾ തീരുമാനിക്കും. ഈ സംഭവത്തിൽ നിന്ന് പാഠങ്ങൾ കണ്ടെത്തി ഭാവിയിൽ ഇതുപോലുള്ള പ്രതിസന്ധികൾ ഒഴിവാക്കുകയാണ് യുകെ സർക്കാരിന്റെ ലക്ഷ്യം.