ഹീത്രൂ എയർപോർട്ടിൽ വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം; മാർച്ച് 21 അർദ്ധരാത്രി വരെ അടച്ചിടും!

ലണ്ടൻ : ലണ്ടനിലെ ഹീത്രൂ വിമാനത്താവളം മാർച്ച് 21 വെള്ളിയാഴ്ച പൂർണമായും അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന് വൈദ്യുതി എത്തിക്കുന്ന ഹെയ്സിലെ നോർത്ത് ഹൈഡ് സബ്സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ കനത്ത തീപ്പിടിത്തമാണ് ഈ തീരുമാനത്തിന് കാരണം. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി മാർച്ച് 21 അർധരാത്രി 11:59 വരെ വിമാനത്താവളം പ്രവർത്തിക്കില്ലെന്ന് ഹീത്രൂ അധികൃതർ എക്സിൽ വ്യക്തമാക്കി.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും എയർലൈനുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഈ അടച്ചിടൽ 1,351-ലധികം വിമാന സർവീസുകളെ ബാധിക്കുമെന്ന് ഫ്ലൈറ്റ് റാഡാർ 24 റിപ്പോർട്ട് ചെയ്തു. അടച്ചിടൽ പ്രഖ്യാപിക്കുമ്പോൾ 120-ലധികം വിമാനങ്ങൾ ഹീത്രൂവിലേക്ക് പറക്കുകയായിരുന്നു, ഇവ ഗാട്ട്വിക്ക്, പാരീസ്, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കപ്പെട്ടു. ആഗോള യാത്രാ ശൃംഖലയിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഈ സംഭവം വരും ദിവസങ്ങളിലും പ്രതിസന്ധി നീളുമെന്നാണ് വിലയിരുത്തൽ.
ലണ്ടനിലെ ഹില്ലിങ്ടൺ ബറോയിലെ ഹെയ്സിൽ നെസ്റ്റിൽസ് അവന്യൂവിൽ ഉണ്ടായ തീപ്പിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. രാത്രി 11:23-ന് ലണ്ടൻ ഫയർ ബ്രിഗേഡിന് സ്ഫോടന ശബ്ദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 70 അഗ്നിശമന സേനാംഗങ്ങളും 10 ഫയർ എഞ്ചിനുകളും സ്ഥലത്തെത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നൂറടി ഉയരത്തിൽ ആളിക്കത്തുന്ന തീയും കനത്ത പുകയും കാണാം. സബ്സ്റ്റേഷനിലെ തീ 16,300-ലധികം വീടുകളിൽ വൈദ്യുതി മുടക്കത്തിന് കാരണമായി, 150-ലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. “ഹെയ്സ്, ഹൗൺസ്ലോ, ചുറ്റുമുള്ള പ്രദേശങ്ങളിൽ വലിയ തോതിലുള്ള വൈദ്യുതി തടസ്സം അനുഭവപ്പെടുന്നു,” സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിസിറ്റി നെറ്റ്വർക്സ് അറിയിച്ചു. ചില വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും പൂർണ പരിഹാരത്തിന് സമയം വേണ്ടിവരും.
ബ്രിട്ടീഷ് എയർവേയ്സ്, എയർ ലിംഗസ് തുടങ്ങിയ എയർലൈനുകൾ സർവീസുകൾ റദ്ദാക്കി. ലണ്ടൻ ഫയർ ബ്രിഗേഡ് തീ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു, “ജനലുകളും വാതിലുകളും അടച്ചിടുക, സ്ഥലത്തേക്ക് അടുക്കരുത്,” എന്ന് മുന്നറിയിപ്പ് നൽകി. ഹീത്രൂ അധികൃതർ പ്രതിസന്ധി പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും അറിയിച്ചു. ആഗോള യാത്രാ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.