മാഞ്ചസ്റ്ററിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു
2025 മാർച്ച് 8-ന് മാഞ്ചസ്റ്ററിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, ബ്രിട്ടീഷ് സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, ഇന്ത്യൻ സമൂഹം എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. പുതിയ കോൺസുലേറ്റ്, യുകെയിലെ ഇന്ത്യൻ പൗരന്മാർക്കും പ്രവാസികൾക്കും വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മുന്നേറ്റമായി കണക്കാക്കുന്നു. OCI (Overseas Citizen of India) കാർഡ്, പാസ്‌പോർട്ട് പുതുക്കൽ, വിസാ അപേക്ഷകൾ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, അടിയന്തര കോൺസുലർ സേവനങ്ങൾ എന്നിവ ഇനി മാഞ്ചസ്റ്ററിലും ലഭ്യമാകും. ഇതുവരെ ഈ സേവനങ്ങൾക്കായി ബർമിംഗ്ഹാമിലേക്കോ ലണ്ടനിലേക്കോ യാത്ര ചെയ്യേണ്ടി വന്നിരുന്നവർക്കു വലിയ ആശ്വാസമാണ് പുതിയ കോൺസുലേറ്റ്.
ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലുള്ള സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള £41 ബില്യൺ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ കോൺസുലേറ്റ് നിർണായകമായി മാറുമെന്ന് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, യുകെയിലെ മലയാളി സമൂഹത്തിനും വലിയ പ്രയോജനമാകും പുതിയ കോൺസുലേറ്റ്. മാഞ്ചസ്റ്ററിലെയും സമീപപ്രദേശങ്ങളിലെയും പ്രവാസി മലയാളികൾക്ക് വിസ, പാസ്‌പോർട്ട്, മറ്റ് കോൺസുലർ സേവനങ്ങൾ നേരിട്ട് കിട്ടുന്നതിനാൽ ദൂരയാത്ര ഒഴിവാകും. ഇന്ത്യൻ വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഈ നീക്കം ദ്വിപക്ഷീയ ബന്ധം കൂടുതൽ ഉന്നതതലത്തിലേക്കു കൊണ്ടുപോകുമെന്നത് ഉറപ്പാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഭാവിയിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കാനും പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
