കുട്ടികളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി യുകെ.

ലണ്ടൻ: കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾക്കൊരുങ്ങി യുകെ സർക്കാർ. ഈ വിഷയത്തിൽ പാർലമെന്റിൽ അടുത്ത ആഴ്ച തുടക്കം കുറിക്കുമെന്ന് ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ അറിയിച്ചു.
പുതിയ നിയമം ലഹരി മരുന്ന് വ്യാപാരത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ, ഇരകളെ സംരക്ഷിക്കാനുള്ള വകുപ്പുകളും കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന നടപടികളും നിയമത്തിൽ ഉൾപ്പെടുത്തും. “കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന് ശക്തമായ തടയിടേണ്ടത് അനിവാര്യമാണ്,” എന്നും യെവറ്റ് കൂപ്പർ പറഞ്ഞു.
കഴിഞ്ഞ സർക്കാർ ഋഷി സുനക് ഭരണകാലത്ത് സമാനമായ നിയമനിർമാണത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലും, പൊതു തിരഞ്ഞെടുപ്പ് കാരണമായി അത് നടപ്പാകാൻ കഴിഞ്ഞിരുന്നില്ല. 2023-24 വർഷങ്ങളിൽ 14,500 കുട്ടികൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതായി ഹോം ഓഫിസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ നിയമം നടപ്പിലാകുമ്പോൾ കുട്ടികളെ ഉപയോഗിച്ച് ലഹരി മരുന്ന് വ്യാപാരം, സംഘടിത കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിർണായക ഘട്ടമാണിതെന്ന് അധികൃതർ വ്യക്തമാക്കി.