യുകെയിൽ ജയിലിലെ തിരക്ക് കുറയ്ക്കാൻ 6,000 തടവുകാർക്ക് നേരത്തെ മോചനം
യുകെയിലെ ജയിലിലെ അമിത തിരക്ക് കുറയ്ക്കാൻ ആറായിരത്തോളം തടവുകാരെ ഘട്ടംഘട്ടമായി നേരത്തെ മോചിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.
ലണ്ടൻ : യുകെയിലെ ജയിലുകളിൽ സ്ഥലം കുറവും അമിത തിരക്കും രൂക്ഷമായ സാഹചര്യത്തിൽ ആറായിരത്തോളം തടവുകാരെ ഘട്ടംഘട്ടമായി നേരത്തെ മോചിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. ക്രിമിനൽ നീതിന്യായ സംവിധാനത്തിലെ സമ്മർദ്ദം കുറയ്ക്കാനുള്ള അടിയന്തര നീക്കത്തിന്റെ ഭാഗമായാണ് നടപടി. പതിനെട്ട് മാസത്തിൽ താഴെ ശിക്ഷ ലഭിച്ച ചില തടവുകാരെയാണ് ആദ്യഘട്ടത്തിൽ വിട്ടയയ്ക്കുക. പദ്ധതി സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്നാണ് ഔദ്യോഗിക സൂചന.
പുതിയ ശിക്ഷാനിയമ മാറ്റങ്ങൾ പ്രകാരം ചില തടവുകാർക്ക് ശിക്ഷാകാലത്തിന്റെ പകുതി പൂർത്തിയാകുമ്പോൾ തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവെക്കുന്ന ചിലർക്കു ശിക്ഷയുടെ മൂന്നിലൊന്ന് പൂർത്തിയാകുമ്പോഴും മോചനത്തിന് വഴി തുറക്കാം. എന്നാൽ കൊലപാതകക്കേസുകളിൽ നിർബന്ധിത ജീവപര്യന്തം തടവ് അനുഭവിക്കുന്നവർക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജയിലുകൾ പൂർണ്ണമായും നിറഞ്ഞു കവിയുന്നത് തടയാനാണ് ഈ മാറ്റങ്ങൾ ആവശ്യമെന്ന് അധികൃതർ പറയുന്നു.
സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇരകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും വിമർശനവുമായി രംഗത്തെത്തി. കുറ്റവാളികളെ കാലാവധിക്ക് മുമ്പ് വിട്ടയക്കുന്നത് ഇരകളുടെയും കുടുംബങ്ങളുടെയും മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. എന്നാൽ ജയിലുകളിൽ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കാനും പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തമാക്കാനും സർക്കാർ പദ്ധതിയിടുന്നു. പുതിയ ജയിൽ ഇടങ്ങൾ സൃഷ്ടിക്കൽ, നിരീക്ഷണ സംവിധാനങ്ങൾ, പ്രൊബേഷൻ സേവനങ്ങൾക്കുള്ള അധിക നിക്ഷേപം എന്നിവയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: The UK government is preparing to release around 6,000 prisoners early to ease severe prison overcrowding.
