യുകെയിലെ നെറ്റ് മൈഗ്രേഷൻ കുത്തനെ കുറഞ്ഞു; മടങ്ങിയവരിൽ കൂടുതൽ ഇന്ത്യക്കാർ
ലണ്ടൻ : ബ്രിട്ടനിലെ വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതായി പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് യുകെയുടെ നെറ്റ് മൈഗ്രേഷൻ എത്തിനിൽക്കുന്നത്. വിസ ചട്ടങ്ങളിൽ വരുത്തിയ കർശനമായ മാറ്റങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ഈ കുറവിന് പ്രധാന കാരണമായെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയ വിദേശികളിൽ സിംഹഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നതാണ് പുതിയ റിപ്പോർട്ടുകളിലെ ശ്രദ്ധേയമായ കണ്ടെത്തൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ യുകെ വിട്ടവരിൽ 26 ശതമാനത്തോളം പേർ ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഠന വിസയുടെ കാലാവധി പൂർത്തിയായവരും തൊഴിൽ വിസയുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളിൽപ്പെട്ടവരുമാണ് വലിയ തോതിൽ തിരികെ പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, യുകെയിൽ നിന്നും മടങ്ങുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ നിൽക്കുമ്പോഴും, രാജ്യത്തേക്ക് പുതുതായി എത്തുന്ന സ്റ്റുഡന്റ്, വർക്ക് വിസക്കാരുടെ എണ്ണത്തിലും ഇന്ത്യ തന്നെയാണ് ഇപ്പോഴും പ്രധാന സ്ഥാനത്ത്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള ചെറുബോട്ടുകളുടെ വരവ് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും, അത് പൂർണ്ണമായി തടയാൻ കഴിയാത്തത് സർക്കാരിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. മൊത്തത്തിലുള്ള കുടിയേറ്റ നിരക്ക് ഗണ്യമായി കുറയ്ക്കാനായത് നിലവിലെ ഭരണകൂടത്തിന് രാഷ്ട്രീയ നേട്ടമായി മാറുകയാണ്.
UK net migration has fallen sharply, with Indians making up a significant share of those leaving the country.
