ഹാർട്ട്ലിപൂളിൽ മലയാളി കൗൺസിലർ ആരോൺ റോയിക്ക് വീണ്ടും അംഗീകാരം; പ്രധാന പൗരനേതൃത്വ പദവികളിൽ തുടരും

May 24, 2026 - 21:42
May 24, 2026 - 21:47
 0
ഹാർട്ട്ലിപൂളിൽ മലയാളി കൗൺസിലർ ആരോൺ റോയിക്ക് വീണ്ടും അംഗീകാരം; പ്രധാന പൗരനേതൃത്വ പദവികളിൽ തുടരും
Image : Special Arrangement

ലണ്ടൻ : ബ്രിട്ടനിലെ ഹാർട്ട്ലിപൂൾ ബറോ കൗൺസിലിന്റെ പുതിയ ഹെൽത്ത് ആൻഡ് വെൽബീയിങ് ബോർഡ് ചെയർമാനായി മലയാളി കൗൺസിലർ ആരോൺ റോയിയെ തെരഞ്ഞെടുത്തു. കൗൺസിലിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ സുപ്രധാന പദവിയിലേക്ക് അദ്ദേഹം നിയമിതനായത്. 2020-ൽ യുകെയിലെത്തുകയും എൻഎച്ച്എസിൽ നേഴ്സായും കെയർ ക്വാളിറ്റി കമ്മീഷൻ രെജിസ്റ്റേർഡ് മാനേജറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ആരോൺ റോയിയുടെ ആരോഗ്യമേഖലയിലെ പ്രവർത്തനപരിചയം ഈ പദവിക്ക് കൂടുതൽ കരുത്താകും. സമീപകാലത്ത് ലേബർ പാർട്ടിയിൽ നിന്ന് രാജിവെക്കുകയും പിന്നീട് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്കൊടുവിൽ നിലവിൽ പൂർണ്ണ സ്വതന്ത്രനായി തുടരുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വ്യക്തിമുദ്രയും ജനസമ്മതിയും അടിവരയിടുന്നതാണ് ഈ പുതിയ പദവി. 2024-ൽ ഹാർട്ട് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആരോൺ റോയിക്ക് 2028 വരെ കൗൺസിലർ പദവിയിൽ കാലാവധിയുണ്ട്. 

ഹെൽത്ത് ആൻഡ് വെൽബീയിങ് ബോർഡ് ചെയർമാൻ പദവിക്ക് പുറമെ കൗൺസിലിന്റെ ഹൗസിങ്, ഗ്രോത്ത് ആൻഡ് കമ്മ്യൂണിറ്റീസ് കമ്മിറ്റിയുടെ വൈസ് ചെയർമാനായും ആരോൺ റോയിയെ നിയോഗിച്ചിട്ടുണ്ട്. കൗൺസിലിലെ പുതിയ ഭരണക്രമീകരണങ്ങളുടെ ഭാഗമായി പ്രാദേശിക വികസനത്തിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തങ്ങളാണ് ലഭിച്ചിരിക്കുന്നത്. പാർട്ടി രാഷ്ട്രീയത്തിലെ പ്രതിസന്ധികൾക്കിടയിലും കൗൺസിലിന്റെ വിവിധ ജനക്ഷേമ സമിതികളിൽ ലഭിച്ച ഈ സുപ്രധാന നിയമനങ്ങൾ യുകെ മലയാളി സമൂഹത്തിന് ഒന്നടങ്കം വലിയ അഭിമാനമാണ് നൽകുന്നത്. 

മേഖലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലും ഭരണസമിതികളിലും നിലവിൽ ആരോൺ റോയിക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്. ടീസൈഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡയറക്ടറും ബോർഡ് അംഗവുമായ അദ്ദേഹം ഹാർട്ട്ലിപൂൾ ബോർഡ്, നോർത്ത് ഈസ്റ്റ് കൾച്ചർ പാർട്ണർഷിപ്പ് ബോർഡ്, ഹാർട്ട്ലിപൂൾ ആൻഡ് ഡിസ്ട്രിക്റ്റ് സ്പോർട്സ് കൗൺസിൽ എന്നിവയിൽ അംഗമാണ്. കൂടാതെ നോർത്ത് ടീസ്‍ ആൻഡ് ഹാർട്ട്ലിപൂൾ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ടീസ്‍ എസ്‍ക് ആൻഡ് വെയർ വാലീസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുടെ ഗവർണറായും നോർത്ത് ഈസ്റ്റ് റീജിയണൽ എംപ്ലോയേഴ്സ് ഓർഗനൈസേഷനിൽ (NEREO) അംഗമായും നാഷണൽ അസോസിയേഷൻ ഓഫ് കൗൺസിലർമാരുടെ വിവിധ സമിതികളിൽ വോട്ടിങ് അവകാശമില്ലാത്ത അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.