ഹീറ്റ് വേവിൽ വൈദ്യുതി ആവശ്യകത ഉയരുന്നു; ഗ്രേറ്റ് ബ്രിട്ടനിൽ അധിക വൈദ്യുതി വിതരണത്തിന് മുന്നറിയിപ്പുമായി നെസോ
ഹീറ്റ് വേവിനെ തുടർന്ന് വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ ഗ്രിഡ് ഓപ്പറേറ്റർ അധിക വൈദ്യുതി വിതരണത്തിന് മുന്നറിയിപ്പ് നൽകി.
ലണ്ടൻ : യുകെ ഈ വർഷത്തെ മൂന്നാമത്തെ ഹീറ്റ് വേവിലേക്ക് കടന്നതോടെ ഗ്രേറ്റ് ബ്രിട്ടനിലെ വൈദ്യുതി വിതരണത്തിൽ അധിക സമ്മർദം ഉണ്ടാകാമെന്ന് മുന്നറിയിപ്പുമായി നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ. വ്യാഴാഴ്ച വൈകുന്നേരത്തെ ഉയർന്ന ആവശ്യകത നേരിടാൻ വൈദ്യുതി ഉൽപാദകരോട് അധിക വിതരണം ഒരുക്കാൻ നെസോ നിർദേശം നൽകി. കടുത്ത ചൂടിനെ തുടർന്ന് വീടുകളിൽ ഫാനുകളും എയർ കണ്ടീഷനറുകളും കൂടുതലായി ഉപയോഗിക്കുന്നതാണ് വൈദ്യുതി ആവശ്യകത ഉയരാൻ കാരണം.
തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച താപനില 34 ഡിഗ്രി സെൽഷ്യസുവരെ ഉയരാനാണ് സാധ്യത. ജൂണിൽ നോർഫോക്കിലെ ലിങ്വുഡിൽ 37.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി യുകെയിലെ ജൂൺ മാസത്തിലെ ചൂട് റെക്കോർഡ് തകർന്നതിന് പിന്നാലെയാണ് വീണ്ടും വൈദ്യുതി വിതരണ മുന്നറിയിപ്പ് വന്നിരിക്കുന്നത്. യൂറോപ്പിലുടനീളമുള്ള അതിശക്തമായ ചൂട് ചില വൈദ്യുതി ഉൽപാദന സംവിധാനങ്ങളുടെ ലഭ്യത കുറയ്ക്കുന്നുണ്ടെന്നും വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് വൈദ്യുതി വിതരണത്തിൽ ഇടുങ്ങിയ സാഹചര്യം ഉണ്ടാകാമെന്നും നെസോ വ്യക്തമാക്കി.
എന്നാൽ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി വിതരണത്തിന് അപകടസാധ്യതയില്ലെന്നും ഇത് വൈദ്യുതി സംവിധാനം സന്തുലിതമാക്കുന്നതിനുള്ള പതിവ് മുൻകരുതൽ നടപടിയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഫ്രാൻസിലെ ആണവ നിലയങ്ങൾക്കും ചൂട് സമ്മർദം സൃഷ്ടിക്കുന്നതായി EDF മുന്നറിയിപ്പ് നൽകി. റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന നദീജലത്തിന്റെ താപനില ഉയരുന്നത് ഉൽപാദനം കുറയ്ക്കാൻ ഇടയാക്കാം. പടിഞ്ഞാറൻ യൂറോപ്പിൽ ആറ് ആഴ്ചയ്ക്കിടെ മൂന്നാമത്തെ ഹീറ്റ് വേവ് അനുഭവപ്പെടുന്നതിനിടെ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ ഭീഷണിയും തുടരുകയാണ്.
Great Britain’s grid operator has asked generators for extra power supplies as the heatwave increases electricity demand.
