ഡീസൽഗേറ്റ് കേസിൽ വാഹന ഉടമകൾക്ക് വൻ തിരിച്ചടി; ഭൂരിഭാഗം ആരോപണങ്ങളും യുകെ ഹൈക്കോടതി തള്ളി
അഞ്ച് പ്രമുഖ വാഹന നിർമാതാക്കൾക്കെതിരെ 16 ലക്ഷം വാഹന ഉടമകൾ നൽകിയ ഡീസൽഗേറ്റ് കേസിലെ ഭൂരിഭാഗം ആരോപണങ്ങളും ഹൈക്കോടതി തള്ളി.
ലണ്ടൻ : ഡീസൽ വാഹനങ്ങളിലെ മലിനീകരണ പരിശോധനകളിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടഹർജിയിൽ വാഹന നിർമാതാക്കൾക്ക് അനുകൂല വിധി. അഞ്ച് പ്രമുഖ വാഹന കമ്പനികൾക്കെതിരെ യുകെയിലെ 16 ലക്ഷത്തോളം വാഹന ഉടമകൾ നൽകിയ കേസിലെ ഭൂരിഭാഗം ആരോപണങ്ങളും ഹൈക്കോടതി തള്ളി. മെഴ്‌സിഡസ് ബെൻസ്, ഫോർഡ്, നിസാൻ, റെനോ, പ്യൂഷോ–സിട്രോൺ എന്നീ കമ്പനികളുടെ 20 മാതൃകാ വാഹനങ്ങളാണ് കേസിന്റെ ആദ്യഘട്ടത്തിൽ കോടതിയുടെ പരിഗണനയിലെത്തിയത്.
പരിശോധന നടക്കുന്ന സാഹചര്യം പ്രത്യേകം തിരിച്ചറിഞ്ഞ് മലിനീകരണ തോത് മനഃപൂർവം മാറ്റുന്നതിനായി രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾ മാത്രമേ നിരോധിത ഉപകരണങ്ങളുടെ പരിധിയിൽ വരൂ എന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഒരു മെഴ്‌സിഡസ് വാഹനത്തിലും രണ്ട് പ്യൂഷോ–സിട്രോൺ മാതൃകകളിലും ഉപയോഗിച്ച സാങ്കേതിക സംവിധാനം നിയമവിരുദ്ധമായിരിക്കാമെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
കോടതിവിധി തങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് വാഹന നിർമാതാക്കൾ പ്രതികരിച്ചപ്പോൾ, വാഹന ഉടമകളെ പ്രതിനിധീകരിച്ച അഭിഭാഷകർ കടുത്ത നിരാശ രേഖപ്പെടുത്തി. വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്നും അവർ അറിയിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇനിയും വന്നിട്ടില്ല.
English Summary: The UK High Court has rejected most Dieselgate claims brought by 1.6 million motorists against five major carmakers.
