യുകെയിൽ വീണ്ടും ഡോക്ടർമാരുടെ പണിമുടക്ക്; ജൂൺ 15 മുതൽ നാല് ദിവസം എൻഎച്ച്എസ് സ്തംഭിക്കും

May 28, 2026 - 11:18
 0
യുകെയിൽ വീണ്ടും ഡോക്ടർമാരുടെ പണിമുടക്ക്; ജൂൺ 15 മുതൽ നാല് ദിവസം എൻഎച്ച്എസ് സ്തംഭിക്കും

ലണ്ടൻ : ശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങുന്നു. ജൂൺ 15 തിങ്കളാഴ്ച മുതൽ ജൂൺ 19 വെള്ളിയാഴ്ച വരെ നാല് ദിവസമാണ് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത ഈ സമരം 2023 മാർച്ചിൽ തുടങ്ങിയ പ്രതിഷേധ പരമ്പരയിലെ പതിനാറാമത്തെ പണിമുടക്കാണ്. സമരം യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ പതിറ്റാണ്ടിലേറെയായി തങ്ങളുടെ ശമ്പളത്തിൽ വലിയ ഇടിവുണ്ടായെന്നാണ് ഡോക്ടർമാരുടെ പ്രധാന പരാതി. 2008-09 കാലഘട്ടത്തിന് ശേഷം ശമ്പള നിരക്കിൽ 26 ശതമാനത്തോളം കുറവുണ്ടായതായും മെഡിക്കൽ സ്പെഷ്യാലിറ്റി പരിശീലന സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ബിഎംഎ ആവശ്യപ്പെടുന്നുണ്ട്. എൺപതിനായിരത്തോളം ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടന തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ്. മുൻ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചതിനെ തുടർന്ന് ചുമതലയേറ്റ ജെയിംസ് മുറെയുടെ മുന്നിലെ ആദ്യത്തെ വലിയ വെല്ലുവിളിയാണ് ഈ സമരം.

അതേസമയം ഡോക്ടർമാരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്നാണ് ഗവൺമെന്റിന്റെ നിലപാട്. കഴിഞ്ഞ നാല് വർഷത്തിനിടെ റസിഡന്റ് ഡോക്ടർമാർക്ക് 33.4 ശതമാനം ശമ്പള വർദ്ധനവ് നൽകിയിട്ടുണ്ടെന്നും താങ്ങാനാകാത്ത ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കുന്നു. എന്നാൽ ജൂണിലെ പണിമുടക്കിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ മാസത്തിലും സമരം തുടരുമെന്ന് ബിഎംഎ റസിഡന്റ് ഡോക്ടേഴ്സ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ജാക്ക് ഫ്ലെച്ചർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.