കിഴക്കൻ ഇംഗ്ലണ്ടിൽ ഹോസ്‌പൈപ്പ് നിരോധനം; എസെക്സ് ആൻഡ് സഫോക്ക് വാട്ടർ നിയന്ത്രണം ഒഴിവാക്കി
കിഴക്കൻ ഇംഗ്ലണ്ടിലെ മൂന്ന് ജലകമ്പനികൾ നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ ശക്തമായ സംഭരണശേഷി കാരണം എസെക്സ് ആൻഡ് സഫോക്ക് വാട്ടർ നിരോധനം ഒഴിവാക്കി.
ലണ്ടൻ : കടുത്ത ചൂടും മഴക്കുറവും ജലോപയോഗത്തിലെ വർധനയും തുടരുന്നതിനിടെ കിഴക്കൻ ഇംഗ്ലണ്ടിലെ പ്രധാന നാല് ജലവിതരണ കമ്പനികളിൽ മൂന്ന് സ്ഥാപനങ്ങൾ വീടുകളിൽ ഹോസ്‌പൈപ്പ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. ആംഗ്ലിയൻ വാട്ടർ, അഫിനിറ്റി വാട്ടർ, കെയിംബ്രിഡ്ജ് വാട്ടർ എന്നിവയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നിരോധനം ലംഘിച്ച് തോട്ടം നനയ്ക്കുകയോ നീന്തൽക്കുളം നിറയ്ക്കുകയോ ചെയ്താൽ 1,000 പൗണ്ട് വരെ പിഴ ലഭിക്കാം.
ജലസംഭരണികളുടെ നില, ആവശ്യകത, കാലാവസ്ഥാ പ്രവചനം, വിതരണ ശൃംഖലയുടെ ശേഷി, ജലത്തിന്റെ ഗുണനിലവാരം, ചോർച്ചയുടെ തോത് തുടങ്ങിയ ഘടകങ്ങൾ ഓരോ കമ്പനിക്കും വ്യത്യസ്തമായതിനാലാണ് തീരുമാനങ്ങളിലും വ്യത്യാസമുണ്ടാകുന്നത്. അഫിനിറ്റി വാട്ടറിന്റെ മേഖലയിൽ സാധാരണയേക്കാൾ ഏകദേശം 20 ശതമാനം കൂടുതലാണ് ജലാവശ്യം. കെയിംബ്രിഡ്ജ് വാട്ടർ 30 വർഷത്തിനിടെ ആദ്യമായാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.
എസെക്സ് ആൻഡ് സഫോക്ക് വാട്ടർ ആബർട്ടൺ റിസർവോയർ വികസിപ്പിച്ചതും ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള വലിയ നിക്ഷേപവും നിലവിൽ നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചതായി വിലയിരുത്തുന്നു. എന്നിരുന്നാലും നദികളിലെ ജലനിരപ്പ് താഴ്ന്നതും ആവശ്യകത ഉയർന്നതും കണക്കിലെടുത്ത് ഉപഭോക്താക്കൾ ജലം മിതമായി ഉപയോഗിക്കണമെന്ന് കമ്പനി അഭ്യർഥിച്ചു.
English Summary: Essex & Suffolk Water has avoided a hosepipe ban but is urging customers to conserve water.
