നോട്ടിങ്ങാം സെന്റ് ജോൺ ക്രിസോസ്റ്റം ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പ്രഖ്യാപനവും പെരുന്നാളും നവംബർ 27, 28 തീയതികളിൽ
ലണ്ടൻ : ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ നോട്ടിങ്ങാം നഗരത്തിൽ 2026 ജൂണിൽ സ്ഥാപിതമായ സെന്റ് ജോൺ ക്രിസോസ്റ്റം ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഔദ്യോഗിക ഇടവക പ്രഖ്യാപനവും പ്രഥമ പ്രധാന പെരുന്നാളും നവംബർ 27, 28 തീയതികളിൽ നടക്കും. യു.കെ.–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹത്തോടും കല്പനയോടും കൂടിയാണ് നോട്ടിങ്ങാമിൽ പുതിയ കോൺഗ്രിഗേഷൻ പ്രവർത്തനം ആരംഭിച്ചത്. നോട്ടിങ്ങാമിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന സഭാവിശ്വാസികൾക്കും വിവിധ രാജ്യങ്ങളിൽനിന്നും കേരളത്തിൽനിന്നും ഉന്നതപഠനത്തിനായി നഗരത്തിലെത്തുന്ന വിദ്യാർഥികൾക്കും ആത്മീയ അഭയകേന്ദ്രമായി വളരുക എന്ന ലക്ഷ്യത്തോടെയാണ് ഇടവക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ശ്ലീഹാനോമ്പിന്റെ നാളുകളിൽ 2026 ജൂണിലാണ് കോൺഗ്രിഗേഷന്റെ പ്രഥമ വിശുദ്ധ കുർബാന അർപ്പിച്ചത്. തുടർന്ന് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. റോബിൻ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ പൊതുയോഗത്തിൽ കോൺഗ്രിഗേഷന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ 12 പേരെ പ്രഥമ അഡ്ഹോക് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. മിഥുൻ തമ്പിയെ ട്രസ്റ്റിയായും ഡെന്നിസ് ജോണിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി സൺഡേ സ്കൂൾ, മർത്തമറിയം വനിതാസമാജം, യുവജനപ്രസ്ഥാനം, നോട്ടിങ്ങാം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഫെലോഷിപ്പ്, വിശുദ്ധ മദ്ബഹയിലെ ശുശ്രൂഷകരുടെ സംഘം, പ്രാർത്ഥനായോഗം, ഇടവക ക്വയർ തുടങ്ങിയ ആത്മീയ സംഘടനകളും സജീവമായി പ്രവർത്തിച്ചുവരുന്നു. നോട്ടിങ്ങാമിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികളെ ആരാധനാജീവിതത്തോടും യുവജനപ്രസ്ഥാനത്തോടും ചേർത്തുനിർത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
. ഇടവക പ്രഖ്യാപനവും പ്രഥമ പ്രധാന പെരുന്നാളും
ഇടവകയുടെ കാവൽപിതാവായ വിശുദ്ധ യോഹന്നാൻ ക്രിസോസ്റ്റത്തിന്റെ പ്രഥമ പ്രധാന പെരുന്നാളും ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും നവംബർ 27, 28 തീയതികളിലാണ് നടക്കുന്നത്. നവംബർ 27ന് വൈകിട്ട് സന്ധ്യാപ്രാർത്ഥനയോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കമാകും. നവംബർ 28ന് പ്രധാന പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടക്കും. അഭിവന്ദ്യ എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിലും വൈദികരുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുന്നത്. ഇതോടൊപ്പം ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിന് പരിശുദ്ധ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാസന കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകും. പെരുന്നാളിന്റെ കൺവീനറായി വിനു വർഗീസ് നേതൃത്വം നൽകുന്നു. വിവിധ കമ്മിറ്റികളുടെയും ആത്മീയ സംഘടനകളുടെയും ഇടവകാംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ചടങ്ങുകൾ നടക്കുന്ന സ്ഥലം: Our Lady of Perpetual Succour Church Nottingham NG6 9ES United Kingdom
