മെഡ് വേ മലയാളികൾ ഒന്നിച്ചു നടത്തുന്ന വിപുലമായ ഓണാഘോഷം സെപ്റ്റംബർ 13-ന്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെന്റിലെ മെഡ് വേയിൽ മലയാളികൾ ഒത്തുചേർന്നുള്ള ഓണാഘോഷം 2025 സെപ്റ്റംബർ 13-ന് ദ ഹോവാർഡ് സ്കൂളിലെ അതിവിശാലമായ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. കെന്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ് വേ കേരള കമ്മ്യൂണിറ്റിയും (MKC) കെന്റ് മലയാളി അസോസിയേഷനും (KMA) ഒന്നിച്ചാണ് ഈ വർഷവും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
മുൻകാലങ്ങളിൽ ഈ രണ്ട് സംഘടനകളും ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ വ്യത്യസ്തമായി സംഘടിപ്പിച്ചിരുന്നു. എന്നാൽ, ദൈവത്തിന്റെ സ്വന്തം നാട് പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ, സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് തണലേകാൻ ഭിന്നതകൾ മറന്ന് MKC-യും KMA-യും കൈകോർത്തു. തുടർന്ന് ഓണം, ക്രിസ്മസ്, സ്പോർട്സ് ഡേ തുടങ്ങിയ പരിപാടികൾ ഇരു സംഘടനകളും ഒന്നിച്ചാണ് നടത്തിവരുന്നത്.
ഇപ്പോൾ, മെഡ് വേ മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, “മെഡ് വേ മലയാളി അസോസിയേഷൻ” എന്ന പേര് സ്വീകരിച്ച് ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
രണ്ട് സംഘടനകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത നിരവധി പുതുമുഖങ്ങൾ, കഴിഞ്ഞ 16 വർഷമായി MKC-യുടെ സെക്രട്ടറിയായി പ്രവർത്തിച്ച, സർവസമ്മതനായ മാത്യു ജേക്കബ് പുളിക്കത്തൊട്ടിയോടും, KMA-യുടെ തുടക്കം മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച വിജയ് മോഹനോടും ചേർന്ന് കൈകോർക്കുമ്പോൾ, വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമായി മെഡ് വേ മലയാളി അസോസിയേഷൻ ജൈത്രയാത്ര തുടരുകയാണ്.
നിതീഷ് മത്തായി, ഷൈജൻ അബ്രഹാം, നിരേഷ് ജോസഫ്, മനോജ് പിള്ള, ഒബിൻ തോട്ടുങ്കൽ, ബിനോയ് സെബാസ്റ്റ്യൻ എന്നീ പുതുമുഖങ്ങളുടെ നവീനമായ ആശയങ്ങളോടെ നടത്തിയ സ്പോർട്സ് ഡേ മുക്തകണ്ഠപ്രശംസ നേടിയിരുന്നു.
മെഡ് വേയിലെ ജില്ലിംഗ്ഹാമിൽ തന്നെ തയ്യാറാക്കുന്ന ഓണസദ്യ, 24 വനിതകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര, ദക്ഷിണ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ നൃത്തപ്രകടനങ്ങൾ, മെഡ് വേ മങ്കമാരുടെ നാടൻപാട്ട് നൃത്തം, യുകെയിൽ തരംഗം സൃഷ്ടിച്ച കലാകാരൻ ആംബ്രോയുടെ സംഗീത-നൃത്ത-ഡിജെ പരിപാടി, പുലികളിയും മാവേലി മന്നന്റെ വരവേൽപ്പും തുടങ്ങിയ പരിപാടികൾ മെഡ് വേ മലയാളികളുടെ ഓണത്തിന് മാറ്റുകൂട്ടും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
07578486841, 07940409924, 07915656907
English Summary: The Malayali community in Medway, Kent, will celebrate Onam on September 13, 2025, at The Howard School, organized by the united Medway Malayali Association.