ബ്രാഡ്‌ഫോർഡിൽ കൗൺസിലർക്ക് കുത്തേറ്റു; അർഫാൻ അലിക്കെതിരെ വധശ്രമക്കുറ്റം

Nov 22, 2026 - 07:56
 0
ബ്രാഡ്‌ഫോർഡിൽ കൗൺസിലർക്ക് കുത്തേറ്റു; അർഫാൻ അലിക്കെതിരെ വധശ്രമക്കുറ്റം
Bradford councillor Ibrar Ali

ലണ്ടൻ : വെസ്റ്റ് യോർക്ക്ഷയറിലെ ബ്രാഡ്‌ഫോർഡിൽ കൗൺസിലർ ഇബ്രാർ അലിക്ക് കുത്തേറ്റ സംഭവത്തിൽ അർഫാൻ അലിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. ആക്രമണം, പൊതുസ്ഥലത്ത് ആയുധം കൈവശംവയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയതായി വെസ്റ്റ് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. ശനിയാഴ്ച ലീഡ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർഫാൻ അലിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ഡിസംബർ 21ന് ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിൽ വീണ്ടും ഹാജരാക്കും.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് തൊട്ടുപിന്നാലെ മാൻസ് സ്ട്രീറ്റിൽ ഒരാൾ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. 52കാരനായ ഇബ്രാർ അലിക്ക് തോൺബറി അവന്യൂവിൽവച്ചാണ് ആദ്യം പരുക്കേറ്റതെന്നും തുടർന്ന് വാഹനത്തിൽ മാൻസ് സ്ട്രീറ്റിലേക്ക് കൊണ്ടുപോയതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അടിയന്തര സേവനസംഘം സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.

പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ കൗൺസിൽ ജീവനക്കാരെ സഹായിക്കുകയായിരുന്നു ഇബ്രാർ അലിയെന്ന് കുടുംബം അറിയിച്ചു. സംഭവത്തിനിടെ ഒരു കൗൺസിൽ ജീവനക്കാരനെ സംരക്ഷിക്കാൻ ഇടപെട്ടപ്പോഴാണ് അദ്ദേഹത്തിന് ഒന്നിലധികം കുത്തേറ്റതെന്നും കുടുംബം പറഞ്ഞു. പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നും ആശുപത്രിയിൽ അദ്ദേഹത്തിന്റെ നില സ്ഥിരമാണെന്നും കുടുംബം വ്യക്തമാക്കി. പിന്തുണ അറിയിച്ച എല്ലാവരോടും സുഖം പ്രാപിച്ചശേഷം നേരിട്ട് നന്ദി പറയാനാണ് കൗൺസിലറുടെ ആഗ്രഹമെന്നും കുടുംബം അറിയിച്ചു.

A man has been charged with attempted murder after Bradford councillor Ibrar Ali was stabbed.

സ്വന്തം ലേഖകൻ Official reporter profile for UK Malayali News, publishing news and updates relevant to the UK Malayali and Indian community.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.