ലണ്ടനിൽ ജനിച്ചുവളർന്ന 24കാരിയുടെ ബ്രിട്ടീഷ് പാസ്‌പോർട്ട് റദ്ദാക്കി; ജോലി ചെയ്യാനും വീട് വാടകയ്ക്കെടുക്കാനും കഴിയുന്നില്ലെന്ന് യുവതി
ലണ്ടൻ : ജനിച്ചുവളർന്ന നാട്ടിൽ താൻ പൗരയല്ലെന്ന ഹോം ഓഫീസ് അറിയിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായി ലണ്ടൻ സ്വദേശിനിയായ 24കാരി. ജനനം മുതൽ ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശമുണ്ടായിരുന്ന യുവതിയുടെ അമ്മയ്ക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടിന് അർഹതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യുവതി ജനിച്ച സമയത്ത് മാതാപിതാക്കൾ ബ്രിട്ടീഷ് പൗരന്മാരായിരുന്നില്ലെന്നും അതിനാൽ ബ്രിട്ടീഷ് പൗരത്വത്തിനോ നൽകിയ പാസ്‌പോർട്ടുകൾക്കോ അർഹതയില്ലെന്നും ഹോം ഓഫീസ് കത്തിൽ അറിയിച്ചു. യുകെയിൽ ജനിച്ചതുകൊണ്ടുമാത്രം ബ്രിട്ടീഷ് പൗരത്വം സ്വമേധയാ ലഭിക്കില്ല; ജനനസമയത്തെ മാതാപിതാക്കളുടെ പൗരത്വവും താമസപദവിയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ നിർണായകമാണ്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലാണ് ജനിച്ചത്. കുടുംബത്തിലെ പ്രതിസന്ധികളെത്തുടർന്ന് കുട്ടിക്കാലത്ത് കുറച്ചുകാലം പരിചരണ സംവിധാനത്തിനു കീഴിലും ജമൈക്കയിലെ ബന്ധുക്കൾക്കൊപ്പവും കഴിയേണ്ടിവന്നെങ്കിലും ലണ്ടനിലാണ് പഠിച്ചുവളർന്നതും ജോലി നേടിയതും. പാസ്‌പോർട്ട് റദ്ദാക്കിയതോടെ ജോലി ചെയ്യാനും വീട് വാടകയ്ക്കെടുക്കാനും കഴിയുന്നില്ലെന്നും വരുമാനവും താമസസ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്നും അവർ ഗാർഡിയനോട് പറഞ്ഞു. ബ്രിട്ടനാണ് തനിക്കറിയാവുന്ന ഏക വീടെന്നും അധികം പരിചയമില്ലാത്ത ജമൈക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി വ്യക്തമാക്കി.
പാസ്‌പോർട്ട് റദ്ദാക്കിയതിനെതിരായ നിയമപരമായ ചോദ്യംചെയ്യൽ ഹോം ഓഫീസ് തള്ളി. നടപടി നിയമാനുസൃതമാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വമോ പാസ്‌പോർട്ടോ നേടിയതായി തെളിവ് ലഭിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും വക്താവ് അറിയിച്ചു. യുവതിയെ ജമൈക്കയിലേക്ക് തിരിച്ചയയ്ക്കുമോ എന്ന ചോദ്യത്തിന്, ഓരോ കേസിലെയും സാഹചര്യം പരിശോധിച്ചായിരിക്കും തീരുമാനമെന്നാണ് ഹോം ഓഫീസ് വൃത്തങ്ങളുടെ മറുപടി. യുവതി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തീരുമാനം സമാന സാഹചര്യത്തിലുള്ള മറ്റുള്ളവരെയും ബാധിക്കാമെന്നും അഭിഭാഷകൻ നാഗ കണ്ടയ്യ പറഞ്ഞു. ഇത്തരം പൗരത്വ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും പൗരത്വാവകാശങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കണമെന്നും കുട്ടികളുടെ ബ്രിട്ടീഷ് പൗരത്വ രജിസ്‌ട്രേഷനായി പ്രവർത്തിക്കുന്ന സംഘടന ആവശ്യപ്പെട്ടു.
A London-born woman says she faces homelessness after the Home Office revoked her British passport.
