നോർത്ത് കരോലിനയിലെ വോട്ടർമാരെ ഒപ്പം നിർത്താൻ ട്രംപിന്റെ പ്രചാരണം; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് കടുത്ത മത്സരം
U.S. President Donald Trump campaigned in North Carolina to rebuild voter support and boost Republican Senate candidate Michael Whatley ahead of the crucial 2026 midterm elections.
ലണ്ടൻ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി നോർത്ത് കരോലിനയിലെ വോട്ടർമാരുടെ പിന്തുണ തിരിച്ചുപിടിക്കാൻ നേരിട്ട് പ്രചാരണത്തിനിറങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടക്കാല കൺവെൻഷന് ശേഷം നടന്ന ആദ്യത്തെ പ്രധാന പ്രചാരണ റാലിയിൽ, യുഎസ് സെനറ്റ് സ്ഥാനാർത്ഥിയായ മൈക്കൽ വാറ്റ്‌ലിക്ക് വേണ്ടിയാണ് ട്രംപ് വോട്ട് അഭ്യർത്ഥിച്ചത്. 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ച വോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിക്കാനും 2026 ലെ ഈ തെരഞ്ഞെടുപ്പ് തന്റെ ഭരണത്തിൻമേലുള്ള ഹിതപരിശോധനയാക്കാനുമാണ് ട്രംപ് ശ്രമിക്കുന്നത്.
ഡെമോക്രാറ്റിക് മുൻ ഗവർണർ റോയ് കൂപ്പറുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന വാറ്റ്‌ലി നിലവിലെ അഭിപ്രായ സർവേകളിൽ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോർത്ത് കരോലിനയിലെ വലിയൊരു വിഭാഗം വരുന്ന നിഷ്പക്ഷ (unaffiliated) വോട്ടർമാരുടെ പിന്തുണ ഇല്ലാതെ വിജയം അസാധ്യമാണെന്നിരിക്കെ, വർധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും ട്രംപിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെയും സാധ്യതകൾക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഭരണകൂടം കൈവരിച്ച നേട്ടങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ഉയർത്തിക്കാട്ടിയാണ് റാലിയിൽ ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്തിയാൽ പ്രായപൂർത്തിയായ എല്ലാ യുഎസ് പൗരന്മാർക്കും 5,000 ഡോളർ വീതം 'ലാഭവിഹിതം' (dividend) നൽകുമെന്ന വാഗ്ദാനവും ട്രംപ് വേദിയിൽ ആവർത്തിച്ചു. എന്നാൽ, സമീപകാല റോയിട്ടേഴ്സ്/ഇപ്സോസ് സർവേകളിൽ ട്രംപിന്റെ ജനപ്രീതി 35 ശതമാനത്തിൽ നിൽക്കുന്നതും ഡെമോക്രാറ്റുകൾ മുന്നേറ്റം പ്രവചിക്കുന്നതും പാർട്ടിക്കുള്ളിൽ ആശങ്കയുണർത്തുന്നുണ്ട്. വരും ആഴ്ചകളിൽ നിർണായകമായ മറ്റ് സ്വിംഗ് സ്റ്റേറ്റുകളിലും നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് ട്രംപിന്റെ തീരുമാനം.
