ഇംഗ്ലണ്ട്–അർജന്റീന ലോകകപ്പ് സെമിക്ക് കനത്ത സുരക്ഷ
ഇംഗ്ലണ്ട്–അർജന്റീന ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി അറ്റ്‌ലാന്റയിൽ അധിക പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും വിന്യസിച്ചു.
ലണ്ടൻ : ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടാനിരിക്കെ അറ്റ്‌ലാന്റയിൽ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച നടക്കുന്ന മത്സരത്തിനായി സ്റ്റേഡിയം പരിസരത്തും വിനോദ മേഖലകളിലും ജനത്തിരക്ക് കൂടുതലുള്ള ഇടങ്ങളിലുമായി അധിക പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സംവിധാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കീഴടക്കി 1966ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്താനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ രാഷ്ട്രീയ സംഘർഷവും ഫോക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട തർക്കവും കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. മത്സരത്തിന് രാഷ്ട്രീയ നിറം നൽകാതെ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അർജന്റീനയിലെ യുദ്ധവീരന്മാരുടെ സംഘടന ആരാധകരോട് ആവശ്യപ്പെട്ടു. അർജന്റീന താരങ്ങൾ അടുത്തിടെ ദ്വീപുകളെ പരാമർശിച്ച് മുദ്രാവാക്യം വിളിച്ച ദൃശ്യങ്ങൾ പുറത്തുവന്നതും ആശങ്ക വർധിപ്പിച്ചിരുന്നു.
2002ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും അർജന്റീനയും ലോകകപ്പിൽ നേർക്കുനേർ വരുന്നത്. അമേരിക്കയിലെ ഇംഗ്ലണ്ട് ആരാധകരുടെ പെരുമാറ്റത്തെ പോലീസ് പ്രശംസിച്ചെങ്കിലും, ബ്രിട്ടനിൽ കഴിഞ്ഞ മത്സരവുമായി ബന്ധപ്പെട്ട് 500ലധികം സംഭവങ്ങളും നൂറിലധികം അറസ്റ്റുകളും ഉണ്ടായ സാഹചര്യത്തിൽ ആരാധകർ സമാധാനം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary: Security has been increased in Atlanta ahead of England’s World Cup semi-final against Argentina.
