ജലവിതരണ വീഴ്ച; സൗത്ത് ഈസ്റ്റ് വാട്ടർ 30.5 മില്യൺ പൗണ്ട് ചെലവഴിക്കണം
കെന്റിലും സസെക്സിലുമായി ആവർത്തിച്ച ജലവിതരണ തടസ്സങ്ങളെ തുടർന്ന് സൗത്ത് ഈസ്റ്റ് വാട്ടർ 30.5 മില്യൺ പൗണ്ട് പരിഹാര പദ്ധതികൾക്കായി ചെലവഴിക്കണം.
ലണ്ടൻ : കെന്റിലും സസെക്സിലുമായി ആയിരക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ച ആവർത്തിച്ച ജലവിതരണ തടസ്സങ്ങളെ തുടർന്ന് സൗത്ത് ഈസ്റ്റ് വാട്ടർ 30.5 മില്യൺ പൗണ്ട് പരിഹാര നടപടികൾക്കായി ചെലവഴിക്കണമെന്ന് ജലനിയന്ത്രണ ഏജൻസിയായ ഓഫ്‌വാട് നിർദേശിച്ചു. കമ്പനിക്കെതിരെ നടത്തിയ മൂന്ന് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ തുക ഉപഭോക്താക്കളുടെ ബില്ലിൽ നിന്ന് ഈടാക്കില്ലെന്നും കമ്പനിയുടെ ഓഹരിയുടമകളാണ് വഹിക്കേണ്ടതെന്നും വ്യക്തമാക്കി.
2020 മുതൽ 2023 വരെ ഉണ്ടായ ജലവിതരണ പ്രശ്നങ്ങൾ 2.86 ലക്ഷത്തിലധികം ആളുകളെ ബാധിച്ചിരുന്നു. കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെ ടൺബ്രിഡ്ജ് വെൽസും കെന്റും സസെക്സും ഉൾപ്പെടെ പല പ്രദേശങ്ങളിലും വീണ്ടും വലിയ തടസ്സമുണ്ടായി. 70,000 വരെ വീടുകൾക്ക് വെള്ളം ലഭിക്കാതിരുന്നതോടെ കുടിവെള്ളം, കുളിക്കൽ, ശൗചാലയ ഉപയോഗം എന്നിവ തടസ്സപ്പെടുകയും ചില സ്കൂളുകൾ അടയ്ക്കേണ്ടിവരികയും ചെയ്തു.
പരിഹാര പദ്ധതിയുടെ ഭാഗമായി വീടുകൾക്ക് സൗജന്യ മഴവെള്ള സംഭരണ ടാങ്കുകൾ നൽകുക, വ്യാപാര സ്ഥാപനങ്ങളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക, ജലസംഭരണ ശേഷി വർധിപ്പിക്കുക തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. ഉപഭോക്താക്കളുമായി വ്യക്തമായി ആശയവിനിമയം നടത്തുന്നതിലും ആവശ്യത്തിന് കുപ്പിവെള്ളം വിതരണം ചെയ്യുന്നതിലും കമ്പനി പരാജയപ്പെട്ടെന്ന് ഓഫ്‌വാട് കണ്ടെത്തി. കമ്പനിയുടെ പ്രവർത്തനം വിലയിരുത്താൻ സ്വതന്ത്ര നിരീക്ഷകനെയും നിയമിക്കും.
English Summary: South East Water must fund £30.5m in improvements after repeated supply failures across Kent and Sussex.
