ജൂതർക്ക് എതിരായ ആക്രമണം സമൂഹത്തിന്റെയാകെ പ്രതിസന്ധി, ജൂതവിരുദ്ധത മറികടക്കാൻ ചർച്ചകൾക്ക് തയ്യാറെടുത്ത് കിയർ സ്റ്റാർമർ
ബ്രിട്ടീഷ് പൗരന്മാരായ ജൂതര്‍ക്ക് നേരെ നടന്ന ആക്രമണം നാമേവരും നേരിടുന്ന പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍. ഇതിനെതിരായി സമൂഹമൊന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വടക്കന്‍ ലണ്ടനില്‍ രണ്ട് ജൂതര്‍ക്ക് കുത്തേറ്റത് വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ രാജ്യത്ത് വളര്‍ന്നുവരുന്ന ജൂതവിരുദ്ധതയെ പറ്റി ചര്‍ച്ച ചെയ്യാന്‍ സമൂഹത്തിലെ ഉന്നതരുമായി സ്റ്റാര്‍മര്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ ജൂതരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്സാ സുലൈമാന്‍ എന്ന 45-കാരന്‍ അറസ്റ്റിലായിരുന്നു. പ്രതിക്ക് മേല്‍ വധശ്രമത്തിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സംഭവം നടുക്കുന്നതാണെന്നു പറഞ്ഞ സ്റ്റാര്‍മര്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയുടെ ബാക്കിപത്രമാണിതെന്ന് പറഞ്ഞ അദ്ദേഹം, ജൂതസമൂഹം ഭയത്തിലും അമര്‍ഷത്തിലുമാണെന്നും, സ്വന്തം രാജ്യത്ത് തങ്ങള്‍ സുരക്ഷിതരാണോയെന്ന് അവര്‍ ചോദ്യമുയര്‍ത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വ്യാപാരികള്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, കാര്‍ഷികമേഖലയിലുള്ളവര്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് നിന്നുള്ളവര്‍, പൊലീസ്, വിവിധ സംഘടനകള്‍ മുതലായവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഓരോ മേഖലയിലും നിലനില്‍ക്കുന്ന ജൂതവിരുദ്ധതയെ എങ്ങനെ മറികടക്കും എന്നത് സംബന്ധിച്ചാകും ചര്‍ച്ച.
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജൂതസമൂഹത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി മിഡില്‍ ഈസ്റ്റ് റെസ്‌പോണ്‍സ് കമ്മിറ്റിയുമായും സ്റ്റാര്‍മര്‍ മന്ത്രിതല കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യത്തെ ജൂതസമൂഹത്തെ ഭയപ്പെടുത്തുന്നുവെന്ന കാരണത്താല്‍ പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ നിരോധിക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ കെമി ബാഡനോഷ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മാര്‍ച്ചുകളിലെ മുദ്രാവാക്യങ്ങള്‍ക്കടക്കം ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് സ്റ്റാര്‍മര്‍ പറയുകയും ചെയ്തിട്ടുണ്ട്. അതേസമയം മാര്‍ച്ചുകള്‍ നിരോധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സ്റ്റോപ്പ് ദി വാര്‍ സഖ്യം വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരിക്കുകയാണ്.

