എംവി ഹോണ്ടയസ് കപ്പലിൽ ഒരാൾക്ക് കൂടി ഹാന്റാ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് മരിച്ച ഡച്ച് സ്വദേശിനിയിൽ

May 5, 2026 - 19:43
 0
എംവി ഹോണ്ടയസ് കപ്പലിൽ ഒരാൾക്ക് കൂടി ഹാന്റാ വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് മരിച്ച ഡച്ച് സ്വദേശിനിയിൽ

അറ്റ്‌ലാന്റിക് ഓഷ്യനില്‍ നങ്കൂരമിട്ടിരിക്കുന്ന എംവി ഹോണ്ടയസ് ക്രൂസ് ഷിപ്പില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ക്ക് കൂടി ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കപ്പലില്‍ വച്ച് രോഗം ബാധിച്ച് മരിച്ച ഡച്ച് പൗരന്റെ ഭാര്യയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹവുമായി സെന്റ് ഹെലേനയില്‍ ഇറങ്ങിയ ഇവര്‍ പിന്നീട് സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗ്ഗിലേയ്ക്ക് വിമാന മാര്‍ഗ്ഗം യാത്ര ചെയ്തിരുന്നു. ഇവിടെയുള്ള ഒരു ആശുപത്രിയില്‍ വച്ച് ഇവരും മരിച്ചു.

23 ബ്രിട്ടീഷ് പൗരന്മാരടക്കം 88 യാത്രക്കാരും, 68 ക്രൂ അംഗങ്ങളുമാണ് കപ്പലിലുള്ളത്. രോഗം ബാധിച്ച് കപ്പലില്‍ നിന്നും സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗ്ഗിലുള്ള ഒരു ആശുപത്രിയിലേയ്ക്ക് മാറ്റിയ ബ്രിട്ടീഷ് പൗരനിലാണ് ഹാന്റാവൈറസ് ആദ്യം സ്ഥിരീകരിച്ചത്. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

കപ്പലില്‍ വച്ച് ആദ്യം മരിച്ച ഡച്ച് പൗരനില്‍ ഇതുവരെ ഹാന്റാവൈറസ് രോഗബാധ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കപ്പല്‍ കടലില്‍ യാത്ര ചെയ്യവെ കഴിഞ്ഞ മാസമാണ് ഇദ്ദേഹം മരിക്കുന്നത്. ഇദ്ദേഹത്തിനും ഭാര്യയ്ക്കും പിന്നാലെ കപ്പലിലെ ഒരു ജര്‍മ്മന്‍ പൗരനും രോഗം ബാധിച്ച് മരിച്ചിരുന്നു. ജര്‍മമ്മന്‍കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു ബ്രിട്ടീഷ് പൗരനും, ഡച്ച് പൗരനും രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനെ തുടര്‍ന്ന് ഇവരെ കപ്പലില്‍ നിന്നും മാറ്റാന്‍ തയ്യാറെടുക്കുകയാണ്. 

അര്‍ജന്റീനയില്‍ നിന്നും വിനോദസഞ്ചാരികളുമായി സൗത്ത് അറ്റ്‌ലാന്റിക് കടല്‍ ചുറ്റാനായി ഒരുമാസം മുമ്പ് യാത്ര പുറപ്പെട്ടതാണ് എംവി ഹോണ്ടയസ്. കപ്പല്‍ നിലവില്‍ ആഫ്രിക്കയുടെ പടിഞ്ഞാറുള്ള കേപ്പ് വെര്‍ഡീക്ക് സമീപമാണുള്ളത്. ഇവിടെ യാത്രക്കാരെ ഇറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്വദേശികളിലേയ്ക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കേപ്പ് വെര്‍ഡീ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കപ്പല്‍ സ്പാനിഷ് ദ്വീപായ കാനറി ഐലന്‍ഡ്‌സില്‍ എത്തിച്ച് യാത്രക്കാരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി ലോകാരോഗ്യസംഘടന ചര്‍ച്ചകള്‍ നടത്തിവരികയാണ്.

എലികളില്‍ നിന്നും പടരുന്ന മാരകമായ ഒരു വൈറസായ ഹാന്റാവൈറസ് മനുഷ്യരില്‍ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. പ്രത്യേകമായ ചികിത്സയോ, വാക്‌സിനോ ഇല്ലെന്നതിനാല്‍ ഇത് മരണത്തിന് വരെ കാരണമാകാം. എന്നാല്‍ മനുഷ്യനില്‍ നിന്നും മനുഷ്യനിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.